എഡിറ്റര്‍
എഡിറ്റര്‍
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്ര ഏജന്റുമാരുടെ സമരത്തിന് സി.പി.ഐ.എമ്മുമായി ബന്ധമില്ലെന്ന് പിണറായി
എഡിറ്റര്‍
Monday 2nd April 2012 10:51am

കോഴിക്കോട്: സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പത്ര ഏജന്റുമാര്‍ നടത്തുന്ന സമരത്തെ ഒടുവില്‍ പാര്‍ട്ടിയും കയ്യൊഴിയുന്നു. പത്ര ഏജന്റുമാരുടെ സമരത്തെ  സി.പി.ഐ.എമ്മിന് ബന്ധമില്ലെന്നും സമരത്തിന്റെ പേരില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ലെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.

ഏതെങ്കിലും പത്രത്തിന്റെ വിതരണം തടയുക എന്നത് ഞങ്ങളുടെ പരിപാടിയല്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. പത്ര ഏജന്റുമാര്‍ സംഘടന രൂപവല്‍കരിച്ച് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്തതായാണ് അറിയുന്നത്. അവരുടെ സമരം തീര്‍ക്കല്‍ ഞങ്ങളുടെ ജോലിയല്ല.

സി.പി.ഐ.എമ്മുകാര്‍ മാത്രമല്ല സമരത്തിലുള്ളത്. എല്ലാ വിഭാഗക്കാരുമുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് ഇടപെടാനാകില്ല. എന്നാല്‍ ദേശാഭിമാനി വിതരണം തടയാന്‍ ചില ഏജന്റുമാര്‍ നടത്തുന്ന ശ്രമം നോക്കിനില്‍ക്കില്ല. കളിക്കാനാണ് ഭാവമെങ്കില്‍ പാര്‍ട്ടി പത്രത്തിന് ഏജന്റുമാര്‍ വേണ്ടെന്നുവെക്കും. വിതരണം പാര്‍ട്ടി അംഗങ്ങള്‍ ഏറ്റെടുക്കുമെന്നും പിണറായി പറഞ്ഞു.

അതേസമയം പത്ര ഏജന്റുമാര്‍ നടത്തുന്ന സമരം 23ാം ദിനം പിന്നിടുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളൊഴികെയുള്ളവ വിതരണം ചെയ്യാന്‍ ഇതുവരെ ഏജന്റുമാര്‍ തയ്യാറായിട്ടില്ല. മലപ്പുറം ജില്ലിയെ ഒരു വിഭാഗം ഏജന്റുമാര്‍ കഴിഞ്ഞ ദിവസം മുതല്‍ സമരത്തില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചിരുന്നു. മനോരമയും മാതൃഭൂമയും ഏജന്റുമാരെ സ്വാധീനിച്ച് സമരത്തെ പൊളിക്കാന്‍ ശ്രമിക്കുകയാണെന്നും ചില ഏജന്റുമാര്‍ കെണിയില്‍ വീണു പോവുകയാണെന്നും പത്ര ഏജന്‍സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ പ്രസിഡന്റും സി.ഐ.ടി.യു നേതാവുമായ എ.കെ ബാവ വ്യക്തമാക്കി.

മനോരമയ്ക്കും മാതൃഭൂമിയ്ക്കും പത്ര സമരത്തെ തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ഇരു പത്രങ്ങളുടെയും വിഷുപ്പതിപ്പുകളെല്ലാം ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. ബിസിനസ് പരസ്യങ്ങളൊന്നുമില്ലാതെയാണ് പത്രങ്ങള്‍ പുറത്തിറങ്ങുന്നത്. സര്‍ക്കാര്‍ പരസ്യങ്ങളും സ്വന്തം കമ്പനിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങളും മാത്രമാണ് പത്രങ്ങളില്‍ ഇപ്പോഴുള്ളത്.

Malayalam News

Kerala News in English

Advertisement