തിരുവനന്തപുരം: മദ്യം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി ശ്രീനാരായണഗുരുവിനെ വരെ കൂട്ടുപിടിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Ads By Google

ഗുരു എന്തിനെതിരെ ശബ്ദിച്ചുവോ അത് വികൃതമായി വ്യാഖ്യാനിക്കുന്നവരാണ് ഇവിടെയുള്ളത്. വിദേശമദ്യം കഴിക്കരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അനുയായി എന്ന് വിശേഷിപ്പിക്കുന്നയാള്‍ പരസ്യമായി പറഞ്ഞത്. ഇദ്ദേഹത്തിന് വിദേശമദ്യഷാപ്പ് ഉണ്ടെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷ സ്വാധീനം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നത്. തലമുറയെ ലഹരിയില്‍ മയക്കിക്കിടത്തിയാല്‍ പിന്നെ പ്രതികരണശേഷി ഇല്ലാതായിക്കൊള്ളുമല്ലോ

കള്ള് ചെത്തുന്ന വീട്ടിലാണ് ഞാന്‍ ജനിച്ചത്. ചെത്തിയെടുക്കുന്ന കള്ള് കണ്ടുവളര്‍ന്നവനാണ്. കള്ളിന്റെ രുചിയും അറിയാം. എന്നാല്‍ കള്ള് കണ്ടുപോയി എന്നതുകൊണ്ട് ലേശം കഴിച്ചുകളയാം എന്ന നിലയായിരുന്നില്ല.

ആ തലമുറയില്‍ മദ്യപര്‍ കുറവായിരുന്നു. ഇന്ന് കല്ല്യാണത്തിനും മരണത്തിനും വരെ മദ്യം ഒഴിവാക്കാന്‍ പറ്റാത്ത നിലയാണ്. കല്ല്യാണത്തിനുള്ള കുറിപ്പടിയില്‍ മദ്യക്കുപ്പിയുടെ കണക്ക് കൂടി എഴുതിയുറപ്പിക്കുന്ന സ്ഥിതിയാണുള്ളതെന്നും പിണറായി പറഞ്ഞു.

എസ്.എഫ്.ഐയുടെ മദ്യാസക്തിയ്‌ക്കെതിരെ മാനവജാഗ്രത പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി.

എന്നാല്‍ മദ്യത്തിന്റെ പേരില്‍ ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കള്ള് ചെത്തിനെ കുറിച്ച് പിണറായി മോശമായി പരാമര്‍ശിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളുചെത്തുകാരന്റെ മകന്‍ എന്ന നിലയ്ക്കാണ് ഇ.കെ നായനാര്‍ പിണറായി വിജയനെ പരിചയപ്പെടുത്തിയത്. നല്ല മനുഷ്യനാണെന്ന് കൂടി അദ്ദേഹം പറഞ്ഞു. ഒരു നിവേദനം നല്‍കാന്‍ പോയപ്പോഴായിരുന്നു ഇത്. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ ചെത്ത് തൊഴിലാളികളുടെ വിയര്‍പ്പുമുണ്ടായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.