Administrator
Administrator
എല്‍.ഡി.എഫിനെ വീഴ്ത്താന്‍ പിണറായിയുടെ ചാട്ടുളി
Administrator
Tuesday 12th April 2011 11:46pm


മുസാഫിര്‍ അഹമ്മദ്‌

വി.എസ് മാത്രം മതി മുന്നണിയെ ജയിപ്പിക്കാന്‍ എന്ന ഘട്ടം വന്നപ്പോഴാണ് പാര്‍ട്ടി നിര്‍ണ്ണായകമായ ആ തീരുമാനമെടുത്ത് വി.എസിനെ മാറ്റി നിര്‍ത്തിയത്. 2006 അതേ പടി ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടി കരുതിയിരുന്നില്ല. പിന്നീട് വി.എസിന് സീറ്റ് നല്‍കി. അദ്ദേഹം പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പിന്നെ കേരളം കണ്ടത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അധികമൊന്നും കാണാനിടയില്ലാത്ത സംഭവങ്ങളായിരുന്നു. വി.എസ് എന്ന മനുഷ്യന്‍ വരുന്നിടത്ത് ജനസഞ്ചയം പാഞ്ഞടുക്കുന്നു. പാര്‍ട്ടിയുടെ അതിരുകള്‍ ഭേദിച്ച് യഥാര്‍ഥ രാഷ്ട്രീയം ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരനും മുസ്‌ലിം ലീഗുകാരനും ബി.ജെ.പിക്കാരനും അവിടെ ഒത്തുകൂടി. വി.എസ് വരുമ്പോള്‍ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു.

അപ്പുറത്ത് ആരൊക്കെയാണ് വന്നത്. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, മന്‍മോഹന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഒന്നടങ്കം കേരളത്തിലെത്തിയപ്പോഴും സദസ്സിലെ കസേരകള്‍ ഒഴിഞ്ഞ് കിടന്നു. ഇപ്പുറത്ത് 87 വയസ്സായ ഒരു മനുഷ്യന്റെ പ്രസംഗം കേള്‍ക്കാന്‍ നിറയൗവ്വനം ഇരമ്പിയെത്തിയപ്പോള്‍ അപ്പുറത്ത് നാല്‍പ്പത് കാരന്റെ പ്രസംഗം കേള്‍ക്കാന്‍ ഇത്തവണ കുട്ടികള്‍ പോലുമെത്തിയില്ല. ഇത്രയും നാമൊക്കെ കണ്ടതും കേട്ടതുമാണ്.

ഇനിയുള്ള വാക്കുകള്‍ കുറച്ച് കൂടി ശ്രദ്ധിച്ച് വായിക്കേണ്ടിയിരിക്കുന്നു

ഇടതുപക്ഷ മുന്നണിയുടെ പ്രചാരണം വി.എസിന്റെ നേതൃത്വത്തില്‍ അജയ്യമായി മുന്നോട്ട് പോവുമ്പോള്‍ ആ ആവേശത്തില്‍ വെള്ളമൊഴിക്കുന്ന രണ്ട് സംഭവങ്ങളുണ്ടായി. അത് യു.ഡി.എഫ് നേതാക്കന്‍മാരുടെ ഭാഗത്ത് നിന്നല്ല. ആവേശം കെടുത്താന്‍ യു.ഡി.എഫ് നേതാക്കള്‍ വി.എസിനെതിരെ ഓരോ ആരോപണം ഉന്നയിക്കുമ്പോഴും ഞങ്ങളുണ്ട് അങ്ങയുടെ കൂടെയെന്ന് പറഞ്ഞ് ജനം ഇരട്ടിയാവുകയായിരുന്നു.

ഇടത് പ്രചാരണത്തിന്റെ മുനയൊടിക്കുന്ന ഇടപെടലുണ്ടായത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് തന്നെയാണ്. രണ്ട് സംഭവങ്ങളാണത്. ഒന്ന്, പിണറായി വിജയന്‍ താന്‍ ജമാഅത്തുമായി ചര്‍ച്ച നടത്തിയത് സ്ഥിരീകരിക്കുന്നു. രണ്ട്, വി.എസ് ആണ് ഇടതുപക്ഷത്തെ നയിക്കുകയെന്ന് പറഞ്ഞ പിണറായി തന്നെ പിന്നീട് പ്രസംഗിക്കുമ്പോള്‍ ആളുകൂടുന്നത് തന്റെ മഹത്വം കൊണ്ടാണെന്ന് കരുതേണ്ടെന്ന് വി.എസിനെ ഉദ്ദേശിച്ച് ചാട്ടുളിയെറിയുന്നു.

‘പ്രചാരണ രംഗത്ത് താന്‍ പോയാലും മറ്റൊരു സഖാവ് പോയാലും ആള്‍ക്കൂട്ടം ഉണ്ടാകും. അത് പാര്‍ട്ടിക്കും മുന്നണിക്കും ലഭിക്കുന്ന സ്വീകാര്യതയാണ്. ഇത് എന്റെയൊരാളുടെ പ്രാധാന്യം കൊണ്ടാണെന്ന് കരുതിയാല്‍ അവിടെ കെണിഞ്ഞു. നേതാക്കളായതിനാലല്ല മുന്നണിയുടെ ഭാഗമാകുമ്പോഴാണ് താരമാകുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെല്ലാം തന്നെ താരങ്ങളാണ്’- ഇതായിരുന്നു പിണറായിയുടെ പ്രസ്താവന.

എല്‍.ഡി.എഫ് പ്രചാരണ ബോര്‍ഡുകളില്‍ വി.എസിന്റെ ഫോട്ടോ വരുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത് പുതിയ പ്രവണതയാണെന്നും മുമ്പ് എല്‍ ഡി എഫ് പ്രചാരണ ബോര്‍ഡുകളില്‍ നേതാക്കളുടെ ഫോട്ടോ ഉള്‍പെടുത്താറില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പറയാമെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്റെ ഈ രണ്ട് പ്രസ്താവനകള്‍ മലയാളി കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതായിരിക്കും. ഈ രണ്ട് പ്രസ്താവനകള്‍ ഇടതുപക്ഷ മുന്നണിക്ക് അതുവരെയുണ്ടായിരുന്ന സാധ്യതക്ക് മങ്ങലേല്‍പ്പിക്കാനുദ്ദേശിച്ചുള്ളവയായിരുന്നുവെന്ന് വൈകിയെങ്കിലും പറയാതിരിക്കാന്‍ വയ്യ.

മുമ്പ് മറ്റൊരു സഖാവ് വി.എസിനെ വിഗ്രഹം ചുമക്കുന്ന കഴുതയോട് ഉപമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറിയായിരിക്കുന്ന പി.ജയരാജനായിരുന്നു ആ മഹാന്‍. വിഗ്രഹം ചുമക്കുന്ന കഴുതയുടെ നേരെ ആളുകള്‍ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ കഴുത കരുതും അവര്‍ എന്നെ പൂജിക്കുകയാണെന്ന്. അതേ പോലെയാണ് വി.എസ് എന്നാകും ആ മഹാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. പിണറായി പറഞ്ഞപോലെ ആളുകള്‍ കൂടുന്നത് തന്റെ കഴിവുകൊണ്ടാണെന്ന് കരുതിയാല്‍ പോയി കാര്യം.

വല്ലാത്ത ഒരു അവസ്ഥയിലൂടെയായിരുന്നു കേരളം കടന്നു പോയത്. കേരളത്തില്‍ സാധാരണയുണ്ടാകാറുള്ള ഭരണവിരുദ്ധ വികാരം സര്‍ക്കാറിനെതിരെയില്ല. ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലുണ്ടായ ഇടത് വിരുദ്ധ വികാരം വി.എസ് എന്ന ഒരു വ്യക്തി മറിച്ചിടുന്നതായിരുന്നു കേരളം കണ്ടത്. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ക്രൈസ്തവ സഭകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലിടപെട്ട കാലമായിരുന്നു ഇത്. ഓര്‍ത്തഡോക്‌സും മാര്‍ത്തോമ്മയും സുറിയാനിയുമെല്ലാം കണക്ക് പറഞ്ഞ് സീറ്റുകള്‍ വാങ്ങി. ഇപ്പുറത്ത് അബ്ദുല്ലക്കുട്ടിയും മഞ്ഞളാം കുഴി അലിയും പി.എം.എ സലാമും തുടങ്ങി ഇടതുപക്ഷത്തെ മുസ്‌ലിം നാമധാരികളെല്ലാം യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. അവസാനം സിന്ധുജോയിയും കുരിശുവരച്ച് മറുകണ്ടം ചാടി.

ഇത്തരത്തില്‍ മുസ്‌ലിം ക്രിസ്ത്യന്‍ ധ്രുവീകരണമുണ്ടായപ്പോള്‍ ഇപ്പുറത്ത് കേരളത്തില്‍ നിര്‍ണ്ണായകമായ സവര്‍ണ്ണ ഹിന്ദു വോട്ടുകള്‍ ഇടതുപെട്ടിയില്‍ വീഴാനുള്ള സാധ്യതക്ക് കളമൊരുങ്ങുകയായിരുന്നു. ഈ സാധ്യതയെ മറിച്ചിടാന്‍ ജമാഅത്തെ ഇസ്‌ലാമിയെന്ന തുറുപ്പ് ചീട്ടല്ലാതെ മറ്റൊന്നില്ല. അതുവരെ തീവ്രവാദ സംഘടനയെന്ന് ആക്ഷേപിച്ച് അകറ്റിനിര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെന്ന ചീട്ട് പുറത്തെടുക്കുകയായിരുന്നു പിണറായി വിജയന്‍. ജമാഅത്തുമായി അടുക്കാനാവാത്ത വിധം അകലത്തിലായിരുന്നു സി.പി.ഐ.എം. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്നുവെന്ന് പറയപ്പെടുന്ന ചര്‍ച്ചയെക്കുറിച്ച് ജമാഅത്ത് വിട്ട ഒരു നേതാവ് വെളിപ്പെടുത്തുമ്പോഴേക്ക് പിണറായി വിജയന് അത് സ്ഥിരീകരിക്കണമെന്നില്ലായിരുന്നു. പക്ഷെ അത് സംഭവിച്ചു. തങ്ങള്‍ തമ്മില്‍ കണ്ടിരുന്നുവെന്ന് പിണറായി പറഞ്ഞത് ഈ സവര്‍ണ്ണ വോട്ടുകളെ മടക്കിയയക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കണം.

കാലങ്ങളായി ഇടതുപക്ഷത്തിന് ലഭിച്ച കാന്തപുരം സുന്നികളുടെ വോട്ടും നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുണ്ടായിരുന്നു പിണറായിയുടെ ഈ പ്രസ്താവനക്ക്. ആശയപരമായി സുന്നികളുടെ ശത്രുപക്ഷത്തുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് വളരെ തുച്ഛമായ വോട്ട് മാത്രമേ കേരളത്തിലുള്ളൂ. താരതമ്മ്യേന നല്ല വോട്ടുള്ള സുന്നിപക്ഷത്തിന്റെ പിന്തുണയിലും ഈ പ്രസ്താവന ഉലച്ചിലുണ്ടാക്കുമെന്നുറപ്പ്.

ജമാഅത്ത് വിവാദം ഏകദേശം കെട്ടടങ്ങിയപ്പോഴാണ് പിണറായിയുടെ രണ്ടാമത്തെ ദിവ്യാസ്ത്രമെത്തുന്നത്. അതും വി.എസിന്റെ നേതൃത്വത്തില്‍ കേരളം ഇളകിമറിയുന്ന സമയത്ത്. വി.എസിന്റെ പ്രസംഗ വേദിയിലെ ആള്‍ക്കൂട്ടം ചര്‍ച്ചയാവുന്ന സമയമായിരുന്നു അത്. അങ്ങ് ദല്‍ഹിയില്‍ നാലാംക്ലാസുകാരനും ഇങ്ങ് കേരളത്തില്‍ ഒരു ഏഴാം ക്ലാസുകാരനും യുവജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രതീക്ഷയായി ഉയരുമ്പോള്‍ അതിനെരെയും പിണറായി ചാട്ടുളിയെറിഞ്ഞു. അങ്ങിനെയാണ് വി.എസിന്റെ ആള്‍ക്കൂട്ടത്തക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സുന്ദരമായി ഉത്തരം പറഞ്ഞൊഴിയമായിരുന്നിട്ടും പിണറായി കുറിക്കുകൊള്ളുന്ന കുത്തുവാക്കുകള്‍ തന്നെ ഉപയോഗിച്ചത്. താന്‍ വരുമ്പോള്‍ ആളുകള്‍ കൂടുന്നത് തന്റെ മേന്‍മകൊണ്ടല്ലെന്നായിരുന്ന് പിണറായി പറഞ്ഞതും അങ്ങിനെയാണ്.

പക്ഷെ പിണറായി കണ്ണൂര്‍ പഴയങ്ങാടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ 500 പേര്‍ മാത്രമെത്തിയതും വി.എസ് പോവുന്നിടത്തെല്ലാം പതിനായിരങ്ങള്‍ തടിച്ചുകൂടുന്നതും എന്തുകൊണ്ടാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകനും പണറായിയോട് ചോദിച്ചില്ല. ഇടുതുപക്ഷം ഇത്തവണ അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്നവത് കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല. അവരെക്കാള്‍ ആഗ്രഹം ചില സി.പി.ഐ.എം നേതാക്കന്‍മാര്‍ക്ക് തന്നെയാണ്. പക്ഷെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് മേല്‍ യു.ഡി.എഫിനൊപ്പം ഇവര്‍ നടത്തിയ ഈ യുദ്ധം ജയിക്കുമോയെന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇത് യുദ്ധമല്ല, യുദ്ധക്കളത്തില്‍ സ്വന്തം നേതാവിനെ വീഴ്ത്തുന്ന ചതിയാണ്.

ഉണ്ണിത്താനൊപ്പം മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടുന്നു

മേഴ്‌സിയുടെ ഓര്‍മ്മകള്‍ക്ക് ശവത്തിന്റെ ഗന്ധം

Advertisement