പത്തനംതിട്ട: കേരള കോണ്‍ഗ്രസ് നേതാവ് മാണിയുടെ നിലപാട് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സി.പി.ഐ.എം നേതാവ് പിണറായി വിജയന്‍. മതപുരോഹിതര്‍ കക്ഷികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്ന മാണിയുടെ പ്ര,സ്താവന ഇതാണ് സൂചിപ്പിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ ഉറച്ച നിലപാടാണ് എല്ലാ ഘട്ടത്തിലും സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളത്. പുരോഹിതര്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുരോഹിതന്റെ കുപ്പായം അഴിച്ചുവെക്കണമെന്നും പിണറായി പറഞ്ഞു.

സി.പി.ഐ.എം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന മാണിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. സാമൂഹിക കാര്യങ്ങള്‍ പുരോഹിതര്‍ക്ക് ഇടപെടാം. പക്ഷേ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ അവരോട് പ്രതികരിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു പുരോഹിതന്‍ മതപരമായ കാര്യങ്ങളില്‍ എന്തെങ്കിലും പറഞ്ഞാല്‍ വിശ്വാസികള്‍ അനുസരിച്ചെന്നു വരും. എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ പറഞ്ഞാല്‍ അങ്ങനെ ആവണമെന്നില്ല. യു.ഡി.എഫിനു വേണ്ടി ചിലരെക്കൊണ്ട് മാണി ഇങ്ങനെയൊക്കെ പറയിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ചില സഭാ നേതാക്കള്‍ക്ക് വേണ്ടിയാണ് മാണി വക്കീല്‍കുപ്പായം ഇട്ടുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ഇത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ആ കളി കേരളത്തില്‍ നടക്കില്ല.

സഭയെ ഒറ്റതിരിച്ചു വര്‍ഗീയവിഷം കുത്തിവയ്ക്കുകയാണു പിണറായി വിജയന്റെ ലക്ഷ്യമെന്ന കെ.എം മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി.

രാഷ്ട്രീയകാര്യങ്ങളില്‍ സഭകളും സമുദായ സംഘടനകളും ഇടപെടാന്‍ പാടില്ലെന്ന വിജയന്റെ പ്രസ്താവന കുറ്റബോധവും പരാജയ ചിന്തയും കൊണ്ടാണെന്നും മാണി പറഞ്ഞിരുന്നു. പിണറായി ലക്ഷ്മണരേഖക്കുള്ളില്‍ നിന്നാല്‍ മതി, സഭയുടെ കാര്യങ്ങളിലേക്കു കടക്കേണ്ട കാര്യമില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.