കാഞ്ഞങ്ങാട്: കുടുംബശ്രീയെന്ന് കേട്ടാല്‍ സര്‍ക്കാരിന് അലര്‍ജിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കുടുംബശ്രീകള്‍ വഴി നടപ്പാക്കേണ്ട പദ്ധതികള്‍ ജനശ്രീ വഴിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

Subscribe Us:

ജനശ്രീക്ക് നല്‍കിയ പൊതുപണം തിരിച്ച് പിടിക്കണമെന്നും ഇക്കാര്യത്തെക്കുറിച്ച് ജ്യുഡീഷല്‍ അന്വേഷണം വേണമെന്നും പിണറായി പറഞ്ഞു. സി.പി.ഐ.എം പൊള്ളക്കട ബ്രാഞ്ച് കമ്മിറ്റിയുടെ പുതിയ കെട്ടിടമായ ഇ.എം.എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ads By Google

കുടുംബശ്രീകള്‍ക്ക് ലഭിച്ചിരുന്ന ഭവന നിര്‍മാണ വായ്പ തിരിച്ചടയ്ക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനമിച്ചിട്ടും യു.ഡി.എഫ്  ഇത് നടപ്പാക്കിയില്ല. കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ അവസ്ഥ മനസിലാക്കി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ സമരം ഏറ്റെടുക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് സൂപ്പര്‍വൈസറെ നിശ്ചയിക്കേണ്ടത് കുടുംബശ്രീയില്‍ നിന്നാണ്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ഇതു നടപ്പാകുന്നില്ല.  കുടുംബശ്രീക്കാര്‍ക്ക് ലഭിച്ചിരുന്ന വായ്പ ഇളവും യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും പിണറായി പറഞ്ഞു.

മാസത്തില്‍ ഒരു ഗ്യാസ് സിലിണ്ടറെങ്കിലും കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ഫ്‌ളാറ്റുകളിലുള്ളവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കാനായി നേരത്തെ എടുത്തിരുന്ന തീരുമാനം തന്നെ നടപ്പാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.