Categories

മതരാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് സംഘ് പരിവാറിന്റേയും ജമാഅത്തിന്റേയും ലക്ഷ്യം: പിണറായി

Pinarayi

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ വര്‍ഗീയമാണെന്നും ഇത് രാജ്യപുരോഗതിക്ക് തടസമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സംഘ് പരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പിണറായി പറഞ്ഞു. ഇത് തുറന്ന് പറയുമ്പോള്‍ വിരട്ടാന്‍ നോക്കേണ്ടെന്നും അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു.

രാഷ്ട്രീയ അധികാരം പിടിച്ചെടുത്ത് മതരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. രാജ്യത്ത് നിലനില്‍ക്കുന്ന മത അന്തരീക്ഷം തകര്‍ക്കലാണ് സംഘ്പരിവാര്‍, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ ലക്ഷ്യം.

സംഘ് പരിവാര്‍ ശക്തികള്‍ ഹിന്ദുരാഷ്ട്രമാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്നത് ഇസ്ലാമിക രാഷ്ട്രവാദമാണ്.

മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇവരോട് യോജിക്കാനാകില്ല. നിങ്ങളുടെ നിലപാട് തെറ്റാണെന്നു പറയുമ്പോള്‍ അതിനെ സമചിത്തതയോടെ കാണാനും തെറ്റുണ്ടെങ്കില്‍ തിരുത്താനുമാണ് ശ്രമിക്കേണ്ടത്. മതേതരത്വത്തെ ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ജമാ അത്തെ ഇസ്‌ലാമി ആപത്താണെന്നു പറഞ്ഞാല്‍ അത് അവിവേകമാകില്ല. ഇന്ത്യയിലെ ജമാ അത്തെ ഇസ്‌ലാമി വേറെയാണെന്നു പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

എല്ലാ ജമാ അത്തെ ഇസ്‌ലാമിയും ഒന്നാണ്. ഇവിടെ ഒരു സൗമ്യ മുഖം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. മത രാഷ്ട്രീയമാണ് ജമാ അത്തെ ഇസ്‌ലാമിയെ എതിര്‍ക്കാനുള്ള കാരണമെന്ന് അവര്‍ ഇനിയെങ്കിലും മനസിലാക്കണം.

രാജ്യത്ത് കലാപം സൃഷ്ടിക്കുന്ന ഹിന്ദുത്വ വാദികളെ സഹായിക്കുന്ന നിലപാടുകളാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നത്. വിവിധ മതസമൂഹങ്ങഹള്‍ തമ്മില്‍ ഇടപഴകി ജീവിക്കുന്നതിനോട് യോജിക്കാനാവാത്തവരാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നും പിണറായി കുറ്റപ്പെടുത്തി.

Tagged with: