ദേവസ്വം ഓര്‍ഡിനന്‍സിലെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഭരണഘടനാ ലംഘനമാണ്.ദേവസ്വം ബോര്‍ഡില്‍ ഒരു വനിതാ അംഗം ഉണ്ടായിരിക്കണമെന്ന നിയമം നിര്‍ദിഷ്ട ഓര്‍ഡിനന്‍സില്‍ ഒഴിവാക്കിയത് സത്രീകളെ അവഹേളിക്കുന്നതിന് തുല്യമാണ്.

Ads By Google

ക്ഷേത്രങ്ങളില്‍ പോവുന്ന ഭൂരിഭാഗം പേരും സ്ത്രീകളാണ്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണ സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഇരിക്കട്ടെ എന്നുവെച്ചത്.

ഈ ഘട്ടത്തില്‍ ഉള്ള സ്ത്രീ പ്രാതിനിധ്യം പോലും വേണ്ട എന്നുവെച്ചത് എന്തടിസ്ഥാനത്തിലാണ്? ഇത് അനീതിയും സ്ത്രീകളെ അവഹേളിക്കലും ആണ്.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. ഇത് ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിയുടെ ലംഘനമാണ്. സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയാറായില്ലെങ്കില്‍ ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണറെ സമീപിക്കും.

ഈശ്വര വിശ്വാസിയായാല്‍ മാത്രമെ ഹിന്ദു ആവൂ എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് കാണുന്നത്. പുരാതന കാലം മുതല്‍ ഹിന്ദു മതത്തില്‍ ചാര്‍വാക സിദ്ധാന്തം അംഗീകരിക്കപ്പെട്ടതാണ്.

നിരീശ്വരവാദമാണ് അതിന്റെ കാതല്‍. അതെല്ലാം നിലനില്‍ക്കെ, ആരാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കണം. തെറ്റായ രീതിയില്‍ നിയമത്തെ വ്യാഖ്യാനിക്കാന്‍ പാടില്ല.

വോട്ടു ചെയ്യുന്ന എം.എല്‍.എമാര്‍ ഈശ്വരവിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതില്ല എന്ന വിധിയും കാറ്റില്‍പറത്തിയിരിക്കുന്നു. ഭരണ സമതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഈശ്വര വിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു കോടതി നിരീക്ഷണം. ദേവസ്വം നിയമത്തില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് അഴിമതിക്ക് കളമൊരുക്കാനാണ്.

ദേവസ്വം നിയമം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് തിരുവിതാംകൂര്‍കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള നിയമനം പി.എസ്.സിക്കു വിടാന്‍ തീരുമാനമായത്. പി.എസ്.സി ഭരണഘടനാ സ്ഥാപനമാണ്. പുതിയ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വരുന്നത് അഴിമതിക്ക് കളമൊരുക്കാന്‍ മാത്രമാണ്.

കൊച്ചി മെട്രോ വിഷയത്തില്‍ ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തന്നെ വേണ്ടത്ര ധാരണയില്ല. അതുകൊണ്ടാണ് ആശയക്കുഴപ്പം അവസാനിക്കാത്തത്. അഴിമതി നടത്താന്‍ പറ്റുന്ന മാര്‍ഗം ഏതെന്ന് നോക്കി നടക്കുകയാണ്.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍