കണ്ണൂര്‍: സി.പി.ഐയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ.എം പ്രതിസന്ധിനേരിട്ട ഘട്ടത്തിലെല്ലാം എതിരാളികളുടെ ഭാഗത്ത് നിന്നവരാണ് സി.പി.ഐയില്‍ ഉള്ളവരെന്ന് പിണറായി പറഞ്ഞു.

സുഹൃത്ത് എന്ന് അഭിസംബോധന ചെയ്തായിരുന്നു പിണറായിയുടെ വിമര്‍ശനം. കണ്ണൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.

Ads By Google

പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ നാടാകെ പ്രതിഷേധിക്കുമ്പോള്‍ കണ്ണൂരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി ഞങ്ങളുടെ ഒരു പ്രധാന സുഹൃത്തിനെ വിളിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പിണറായി പറഞ്ഞു.

പി. ജയരാജന്റെ അറസ്റ്റിന് ശേഷം നടന്ന പ്രക്ഷോഭങ്ങളിലും ‘സുഹൃത്തുക്കള്‍’ സഹകരിച്ചില്ല. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സി.പി.ഐ.എം കൊലയാളി പാര്‍ട്ടിയാണെന്ന വ്യാപക പ്രചാരണം നടക്കുമ്പോള്‍ ഒരു സുഹൃത്ത് രംഗത്തെത്തി പറഞ്ഞത് തങ്ങളുടേത് കൊലയാളി പാര്‍ട്ടിയല്ലെന്നാണ്. പിന്നെ ആരാണ് കൊലയാളി പാര്‍ട്ടിയെന്നും പിണറായി ചോദിച്ചു.

പാര്‍ട്ടിയെ ശത്രുക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഇവര്‍ക്ക് പിന്നില്‍ നിന്ന് ചില പ്രോത്സാഹനം നല്‍കുന്ന സമീപനമായിരുന്നു ഈ സുഹൃത്ത് ചെയ്തതെന്നും പിണറായി വിമര്‍ശിച്ചു.

ജയരാജന്റെ അറസ്റ്റിന് ശേഷം ചേര്‍ന്ന സമാധാനയോഗത്തില്‍ ജയരാജനെപ്പോലൊരു നേതാവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേയെന്നാണ് എതിര്‍ചേരിയിലെ ഒരു സുഹൃത്ത് ചോദിച്ചത്. അത്രപോലും സഹകരണം സി.പി.ഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായ കാലം മുതല്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തകരാത്ത പാര്‍ട്ടിയ്ക്ക്  ഇപ്പോള്‍ നടക്കുന്ന ഈ അതിക്രമങ്ങളേയും അതിജീവിക്കാന്‍ കഴിയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒരു പാര്‍ട്ടി പറയുന്നത് കേട്ട് എല്ലാവരും പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കും അവരവരുടേതായ അഭിപ്രായവും വ്യക്തിത്വവും ഉണ്ട്.

പിണറായി സി.പി.ഐയെ പേരെടുത്തല്ല വിമര്‍ശിച്ചത്. അതുകൊണ്ട് തന്നെ നിഴല്‍യുദ്ധം ചെയ്യാന്‍ തങ്ങളില്ലെന്നും പന്ന്യന്‍ പറഞ്ഞു.