എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിക്ക് കോണ്‍ഗ്രസിനോട് മൃദുസമീപനം: പിണറായി വിജയന്‍
എഡിറ്റര്‍
Monday 12th November 2012 12:50pm

തിരുവനന്തപുരം: ബി.ജെ.പിക്ക് കോണ്‍ഗ്രസിനോട് മൃദുവായ സമീപനമാണുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുള്ളത് വര്‍ഗീയ താല്‍പര്യം മാത്രമാണെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ബി.ജെ.പി കൂടി അംഗീകരിക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ബി.ജെ.പിക്ക് കോണ്‍ഗ്രസിനോട് മൃദുവായ സമീപനമാണുള്ളത്. ആര്‍.എസ്.എസിനോട് കോണ്‍ഗ്രസിനും മൃദുസമീപനമാണ്. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്നും പിണറായി പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി സി.പി.ഐ.എമ്മുമായി രാഷ്ട്രീയ അയിത്തമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട്   പ്രതികരിക്കുകയായിരുന്നു പിണറായി.

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞത് പുതിയ ഭരണസംസ്‌കാരം സൃഷ്ടിക്കുമെന്നായിരുന്നു. ഇപ്പോള്‍ എന്താണ് കര്‍ണാടകയിലെ അവസ്ഥയെന്ന് പിണറായി ചോദിച്ചു.

അദ്വാനി ആര്‍.എസ്.എസ് സംസ്‌കാരത്തിന്റെ ഇരയാണ്. ഗുജറാത്തില്‍ വംശീയഹത്യയുണ്ടായപ്പോള്‍ വാജ്‌പേയ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ എതിര്‍ത്തു. എന്നാല്‍ അഡ്വാനി മോഡിയെ അനുകൂലിച്ചു.

പിന്നീട് മുഹമ്മദാലി ജിന്നയ്ക്ക് അനുകൂലമായി അദ്വാനി നടത്തിയ പ്രസ്താവന ആര്‍.എസ്.എസിന് രസിച്ചില്ല. അതോടെയാണ് അദ്വാനി പുറംതള്ളപ്പെട്ടത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ അദ്വാനി പശ്ചാത്തപിക്കുമോ എന്നും പിണറായി ചോദിച്ചു.

ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തയപ്പോള്‍ അത് അവര്‍ നേരത്തെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നും കോണ്‍ഗ്രസാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു പിണറായിയുടെ മറുപടി.

ഭൂരിപക്ഷം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജിന്റെ മാറ്റത്തിന് ശേഷം പിറകേ അഞ്ച് പേര്‍ കൂടി വരുമെന്നായിരുന്നു യു.ഡി.എഫ് അവകാശപ്പെട്ടിരുന്നത്.

എന്നിട്ടും ഒന്നും സംഭവിച്ചില്ല. എല്‍.ഡി.എഫില്‍ നിന്ന് ആരും പോയില്ലെന്ന് മാത്രമല്ല സ്വന്തം നിലനില്‍പിനെക്കുറിച്ച് വല്ലാതെ ഭയപ്പെടുന്ന അവസ്ഥയിലേക്ക് യു.ഡി.എഫ് എത്തിയതായും പിണറായി പറഞ്ഞു.

കോവളം കൊട്ടാരം പാട്ടത്തിന് കൊടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും കൊട്ടാരവും സ്ഥലവും സര്‍ക്കാരിന്റേതാണെന്ന അഭിപ്രായമാണ് സി.പി.ഐ.എമ്മിന്റേതെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement