കോട്ടയം: സി.ഐ.ടി.യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടി പരിധിക്കപ്പുറം ഇടപെടുന്നതിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിലക്കേര്‍പ്പെടുത്തി. ഈ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്ത് എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സി.പി.ഐ.എം സംസ്ഥാന നേതൃത്വം അയച്ചു.

Ads By Google

വെള്ളിയാഴ്ചയാണ് കോട്ടയത്ത് സി.ഐ.ടി.യു സമ്മേളനം തുടങ്ങുന്നത്. കോട്ടയം ജില്ലാ സമ്മേളനത്തിനൊപ്പം മലപ്പുറം ജില്ലാ സമ്മേളനവും നടക്കുന്നുണ്ട്. ജനുവരിയില്‍ കാസര്‍ഗോഡാണ് സംസ്ഥാന സമ്മേളനം. മാര്‍ച്ച് അവസാനം കണ്ണൂരില്‍ അഖിലേന്ത്യാ സമ്മേളനവും നടക്കും.

സി.ഐ.ടി.യു സ്വതന്ത്ര സംഘനടയാകയാല്‍ ഭാരവാഹികളെ അവര്‍ക്ക് തന്നെ നിശ്ചയിക്കാമെന്ന കാഴ്ചപ്പാടാണ് സി.പി.ഐ.എമ്മിന് എക്കാലത്തുമുള്ളത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ മിക്കപ്പോഴും സി.ഐ.ടി.യുവിന്റെ തലപ്പത്ത് വരുമ്പോള്‍ സംഘടനയുടെ സ്വാതന്ത്ര്യം കൈമോശം വരുന്നത്.

സി.ഐ.ടി.യു സമ്മേളന സമയത്തും ഭാരവാഹിനിര്‍ണയത്തിലും പാര്‍ട്ടി ശക്തമായി പിടിമുറുക്കുന്നത് മുമ്പുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തിരുവനന്തപുരം ജില്ലയിലെ സി.ഐ.ടി.യു സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ എല്ലാ പരിധിക്കും അപ്പുറമായെന്ന് ആക്ഷേപമുയര്‍ന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച കാര്യങ്ങളെപ്പോലും പാര്‍ട്ടി കമ്മിറ്റി ഇടപെട്ട് മാറ്റിമറിച്ചു.

അഖിലേന്ത്യാ സമ്മേളന തീരുമാനപ്രകാരം ഭാരവാഹികള്‍ 21 മതിയെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി ഘടകത്തിന്റെ ഇടപെടല്‍ മൂലം അത് ഇരട്ടിയിലധികമായി.

വര്‍ക്കിങ് പ്രസിഡന്റ്, അസി. സെക്രട്ടറി തുടങ്ങി സംഘടനയില്‍ മുമ്പില്ലാത്ത പദവികളും സൃഷ്ടിച്ചു. പിന്നാലെ നടന്ന പാലക്കാട്, കാസര്‍ഗോഡ് സമ്മേളനങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചെങ്കിലും പാര്‍ട്ടി ഘടകങ്ങളുടെ ഇടപെടല്‍ അവിടെയുമുണ്ടായി.

ഈ സാഹചര്യത്തിലാണ് സി.ഐ.ടി.യുവിന്റെ കാര്യത്തില്‍ അതിരുവിട്ട ഇടപെടല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിലക്കിയിട്ടുണ്ട്.