തിരുവനന്തപുരം: ലാവ്‌ലിന്‍ കരാറിന്റെ പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെതിരെ അപവാദപ്രചരണം നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെയുള്‍പ്പെടെ പ്രതിയാക്കാന്‍ ശ്രമിച്ചെന്നും കണ്ണൂരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ജനിറ്റിക് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പിണറായി പറഞ്ഞു.


Also Read: ‘കുട്ടികള്‍ക്ക് ഒന്നും പറ്റരുത്’; 400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ ബോംബും ചുമലിലേറ്റിയോടിത് ഒരു കിലോമീറ്റര്‍


എന്നാല്‍ അത്തരം ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നു പറഞ്ഞ പിണറായി അതൊന്നും നാടും നിയമവ്യവസ്ഥയും അംഗീകരിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന് കോടതി തന്നെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിന്‍ വിഷയത്തില്‍ ഹൈക്കോടതി വിധി വന്നതിനു ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ പിണറായി നടത്തിയ പ്രതികരണത്തിലാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പേരിലും വിവാദങ്ങള്‍ ഉണ്ടായെന്ന് പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. സി.ബി.ഐ പിണറായി വിജയനെ പ്രതിയാക്കാന്‍ ശ്രമിച്ചെന്ന പരാമര്‍ശം നടത്തിയ കോടതി പിണറായിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നും വിധിച്ചിരുന്നു.