കൊച്ചി: ഇടതു സര്‍ക്കാരിന്റെ ജനക്ഷേമ ബജറ്റിനെ ചില മാധ്യമങ്ങള്‍ വക്രീകരിച്ചാണ് അവതരിപ്പിച്ചതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .
ബജറ്റിനെ പ്രതിപക്ഷം എതിര്‍ക്കുന്നതു രാഷ്ട്രീയ ലാക്കോടെയാണ്. ബജറ്റിലെ ഏതു നിര്‍ദേശത്തെയാണു യു ഡി എഫ് എതിര്‍ക്കുന്നതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിതെന്ന വിമര്‍ശനം ശരിയല്ല. ഇടതു സര്‍ക്കാരിന്റെ ആദ്യബജറ്റിന്റെ തുടര്‍ച്ചയാണ് ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ബജറ്റും. ആദ്യബജറ്റില്‍ തന്നെ സര്‍ക്കാരിന്റെ വികസന നയം പ്രഖ്യാപിച്ചിരുന്നു. മാതൃകാപരമായ ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. ജനങ്ങളുടെ ഉന്നതിയാണ് ബജറ്റിന്റെ ലക്ഷ്യം. ആ തരത്തില്‍ കേന്ദ്ര ബജറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങളുടെ ബദലാണിത്. കേന്ദ്രം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം മനപൂര്‍വ്വം കുറയ്ക്കാന്‍ നോക്കുമ്പോള്‍ സംസ്ഥാനത്ത് ആ പട്ടികയിലുള്ള 11 ലക്ഷം കുടുംബങ്ങള്‍ക്ക് പകരം 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് 2രൂപ നിരക്കില്‍ അരി നല്‍കാന്‍ പോകുന്നത് – പിണറായി വിശദീകരിച്ചു.

കേന്ദ്രം ആനുകൂല്യം വെട്ടിക്കുറക്കുമ്പോള്‍ അതിനെതിരെ ഒന്നിച്ചു പോരാടുകയാണ് വേണ്ടത്. അല്ലാതെ അതിനെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തോട് കാട്ടുന്ന അനീതിയാണെന്നും പിണറായി പറഞ്ഞു. ദേശാഭിമാനി ജനറല്‍ മാനേജറായിരുന്ന പി കണ്ണന്‍നായരുടെ 20ാം ചരമദിനത്തോട് അനുബന്ധിച്ച് കൊച്ചി ദേശാഭിമാനിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.