കോഴിക്കോട്: വിലക്കയറ്റത്തിനെതിരെ തിങ്കളാഴ്ച ഇടതുപക്ഷം നടത്തുന്ന ഹര്‍ത്താലിനെ അന്നം തിന്നുന്നവരാരും എതിര്‍ക്കില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . പെട്രോളിയം വില വര്‍ദ്ധനവിനെതിരെ ഇടതുപക്ഷം നടത്തുന്ന ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് മന്‍മോഹന്‍സിംഗിന്റെ നയങ്ങളെ എതിര്‍ക്കുന്നില്ലെന്നും പിണറായി ചോദിച്ചു.

രാജ്യത്ത് അവശ്യ സാധങ്ങളുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിലാണ് ഇന്ധന വിലയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ സി പി ഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഇവിടം കൊണ്ടെന്നും അവസാനിക്കില്ല. ഇന്ധന വിലവര്‍ധനക്കെതിരായി സംസ്ഥാനത്തുടനീളം കാല്‍നട ജാഥ സംഘടിപ്പിക്കും.

സി പി ഐ എം നീതിന്യായ വ്യവസ്ഥയ്ക്ക് എതിരല്ല. തെറ്റായ കോടതിവിധികള്‍ക്കെതിരെയാണ് പ്രതിഷേധം നടത്തുന്നത്. വഴിയരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധി ജനങ്ങള്‍ക്ക് എതിരാണ്. സമൂഹത്തിലെ നല്ലകാര്യങ്ങള്‍ എതിര്‍ക്കുന്നവരുടെ വാക്കുകള്‍ കേട്ട് ഹൈക്കോടതി വിലപ്പെട്ട സമയം കളയരുത്. ഇത്തരം ഒരു വിധിപ്രസ്താവം നടത്തുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരായേണ്ടതായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വിധിയനുസരിച്ചാല്‍ ആറ്റുകാല്‍ പൊങ്കാലയിടാന്‍ വരുന്നവരെ പോലീസിന് തടയാനാകുമൊ എന്നും പിണറായി ചോദിച്ചു. സി പി ഐ എമ്മിനെ കുഴപ്പത്തില്‍ ചാടിക്കാന്‍ നോക്കുന്നവരുടെ കെണിയില്‍ ജൂഡീഷ്യറി പെടരുത്. കോഴിക്കോട് ചെറുവണ്ണൂരില്‍ സി പി ഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.