എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ മുമ്പോട്ടു കൊണ്ടുപോകും: പിണറായി വിജയന്‍
എഡിറ്റര്‍
Saturday 27th May 2017 5:35pm

 

 

തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ മുമ്പോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ടന്നെും സര്‍ക്കാരിനെ പല പ്രശ്‌നങ്ങളിലും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ തന്നെ, അഴിമതിയുടെ ഒരു പ്രശ്‌നവും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം സംസ്ഥാനത്തെ പത്ര-ദൃശ്യ മാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും എഡിറ്റര്‍മാരുമായി സംസാരിക്കവേ പറഞ്ഞു.


Also read അംഗീകാരമില്ലാത്ത കോഴ്സ്; ജമാഅത്തെ ഇസ്ലാമി സ്ഥാപനത്തിലേക്കും എസ്.എഫ്.ഐ മാര്‍ച്ച്


‘അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയായിട്ടാണ് കാണുന്നത്. ആരോഗ്യകരമായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. മാധ്യമങ്ങളുടെ നിര്‍ദേശങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കണക്കിലെടുക്കും. എന്നാല്‍, സമൂഹത്തിനാകെ പ്രയോജനം കിട്ടുന്ന ഒരു പദ്ധതിയും പരിപാടിയും വിമര്‍ശനങ്ങളുടെ പേരില്‍ നിര്‍ത്തിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല’ അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പ്രധാന നദികള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിലപ്പോള്‍ അതിന് വേണ്ടി പ്രത്യേക ബോര്‍ഡ് രൂപീകരിക്കേണ്ടി വരും. അക്കാര്യവും ആലോചിക്കുന്നുണ്ട്. കേരളത്തിലെ ചെറുകിട-ഇടത്തരം തുറമുഖങ്ങളുടെ വികസനം ലക്ഷ്യം വെച്ച് മാരിടൈം ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.


Dont miss ദല്‍ഹിയില്‍ തന്നെ ബലാത്സംഗം ചെയ്തയാളെ യു.എസ് യുവതി ഫേസ്ബുക്കിലൂടെ കുടുങ്ങിയതിങ്ങനെ 


വ്യവസായങ്ങള്‍ക്കുള്ള അനുമതി വേഗം ലഭ്യമാക്കുന്നതിനുള്ള ഏകജാലകം ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ നയത്തില്‍ അക്കാര്യവും പ്രഖ്യാപിക്കും. നവകേരള കര്‍മ പദ്ധതിക്കു കീഴില്‍ വരുന്ന നാലു മിഷനുകളുടെയും പ്രവര്‍ത്തനം എല്ലാവരെയും സഹകരിപ്പിച്ച് സമവായത്തോടെയാണ് നടത്തുന്നത്. മിഷനുകളുടെ പദ്ധതികള്‍ നടപ്പാക്കുന്നത് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ്. അതുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്കാളിത്തവും ഇതിലുണ്ട്. മാലിന്യസംസ്‌കരണം വേണ്ടത്ര മുന്നോട്ട് പോയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്്. അക്കാര്യത്തില്‍ കൂടതല്‍ ശ്രദ്ധയുണ്ടാകും.

കേരള ബാങ്ക് വരുമ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ കൂടുതല്‍ ശക്തമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്ക്, പ്രാഥമിക ബാങ്ക് എന്നീ മൂന്നു തട്ടുകളാണുള്ളത്. അതില്‍ ജില്ലാ ബാങ്കുകള്‍ ഇല്ലതാകും. അപ്പോള്‍ നബാര്‍ഡില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാന ബാങ്ക് വഴി നേരിട്ട് പ്രാഥമിക ബാങ്കുകളിലേക്ക് പോകും.
ഇ-ഗവേണന്‍സിന്റെ സര്‍ക്കാര്‍ പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അത് വലിയ മാറ്റമുണ്ടാക്കും.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകിയത് കണക്കിലെടുത്ത് കേരള ഹയര്‍സെക്കണ്ടറി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം എയ്ഡഡ് വിദ്യാലയങ്ങളെയും സര്‍ക്കാര്‍ സഹായിക്കും. മാനേജ്‌മെന്റും പി.ടി.എയും സ്‌കൂള്‍ വികസനത്തിന് മുടക്കുന്ന തുകയ്ക്ക് തുല്യമായ സംഖ്യ സര്‍ക്കാര്‍ അനുവദിക്കും. എന്നാല്‍ അതിന് ഒരു കോടി രൂപ എന്ന പരിധി വെച്ചിട്ടുണ്ട്.


You must read this കശാപ്പ് നിരോധനം; ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന്റെ നടപടിയെ ഓര്‍മ്മിപ്പിച്ച് എന്‍.എസ് മാധവന്‍


സംസ്ഥാനത്ത് സമാധാന അന്തരീക്ഷമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സംഘര്‍ഷം കുറയ്ക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതുസംബന്ധമായ ചര്‍ച്ചകള്‍ തുടരും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍, കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ തിരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ പാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവയുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലില്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചെത്തിയ എഡിറ്റര്‍മാര്‍ നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. തെരുവുനായ ശല്യം, ജി.എസ്.ടി നടപ്പാക്കുന്നതുമായി ബദ്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇ-ഗവേണന്‍സ്, സ്വകാര്യ നിക്ഷേപം, നവമാധ്യമങ്ങളെ സര്‍ക്കാരിന്റെ ആശയവിനിമയത്തിന് ഉപയോഗിക്കല്‍, മാധ്യമങ്ങളുമായുള്ള സര്‍ക്കാരിന്റെ ആശയവിനിമയം, കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിരോധനം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ വന്നു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ സമിതികളെല്ലാം താമസിയാതെ പുന:സംഘടിപ്പിക്കും.

Advertisement