കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും തിരവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞത് മുഖ്യമന്ത്രിക്കുവേണ്ടിയാണെന്ന് സി.പി.ഐ.എം  സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍. മുഖ്യമന്ത്രി പറഞ്ഞേല്‍പ്പിച്ചതനുസരിച്ചാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി ഇക്കാര്യം പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

‘തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണറാണ് മന്ത്രിമാരെ നിശ്ചയിക്കേണ്ടത് . അനൂപിനെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം ഇത്തരം കാര്യങ്ങള്‍ സാധാരണയായി മറ്റുള്ളവരെകൊണ്ട് ചെയ്യിക്കുകയാണല്ലോ പതിവ്. നേരത്തെ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ നിലപാടെടുത്ത വിജിലന്‍സ് ജഡ്ജിയെ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ട് ജഡ്ജിയെ മാറ്റണമെന്ന് പറയാന്‍ പി.സി ജോര്‍ജ്ജിനെ ചുമതലപ്പെടുത്തി. അതുപോലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ട് അദ്ദേഹത്തിന് ആവശ്യമായ ഫയലുകള്‍ എത്തിച്ചുകൊടുക്കരുതെന്ന് അതുമായി ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി.’ പിണറായി പറഞ്ഞു.

അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന ആര്യാടന്‍ മുഹമ്മദിന്റെയും തിരവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. മുഖ്യമന്ത്രി ഇതില്‍ നിലപാട് വ്യക്തമാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടാണ് യു.ഡി.എഫ് വോട്ട് ചേര്‍ത്തത്. മാനസിക രോഗമുള്ളവരെ വരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനായി അനുയോജ്യരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിറവത്തേക്ക് അയക്കുകയായിരുന്നെന്നും പിണറായി പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യു.ഡി.എഫ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് പരാജയഭീതി കാരണമാണെന്നും പിണറായി ആരോപിച്ചു.

Malayalam News

Kerala News In English