തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഇപ്പോഴത്തെ കോടതി വിധി എല്‍.ഡി.എഫിനെ ബാധിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തിനിടെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ നടപടിയ്‌ക്കെതിരെ പിണറായി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.

കേസിലെ സുപ്രീം കോടതി വിധി മനസിലാക്കാന്‍ വിഷമമുണ്ട് . കോടതി വിധി വന്ന സാഹചര്യത്തില്‍ ഇനിയിപ്പോള്‍ അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഭരണ നേട്ടവും, യു.ഡി.എഫിനെതിരായ അഴിമതി കേസുകള്‍ പുറത്തുവന്നതും എല്‍.ഡി.എഫിനെ സഹായിക്കും. പ്രചാരണത്തിന്റെ ചുമതല എല്ലാവര്‍ക്കും ഒരുപോലെയുണ്ട്. ഒരു നേതാവില്‍ മാത്രം ചുരുങ്ങില്ല. പ്രചാരണത്തില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്നത് ജയിച്ചുകഴിഞ്ഞാല്‍ ഉടന്‍ തീരുമാനിക്കും. പി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. സാധാരണഗതിയില്‍ തന്റെ കൈകൊണ്ട് ഭക്ഷണം വാരിക്കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ജയരാജന്‍. പി ജയരാജന്‍ ഫോണില്‍ വിളിച്ചു മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കാര്യം സൂചിപ്പിച്ചപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാര്‍ട്ടി അവഗണിച്ചുവെന്ന സിന്ധു ജോയിയുടെ ആരോപണം തെറ്റാണ്. സിന്ധു ജോയിയെ എസ്.എഫ്.ഐയുടെ ഉന്നത സ്ഥാനത്താണ് പാര്‍ട്ടി അവരോധിച്ചിരുന്നത്. സംസ്ഥാനത്തെ രണ്ട് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി അവരെ മത്സരിപ്പിച്ചിരുന്നു. ഇതൊന്നും അവഗണനയായിരുന്നില്ല.അവരെ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള വികാരപ്രകടനമാണെന്നാണ് സിന്ധു ജോയി പറയുന്നതു കേട്ടാല്‍ മനസിലാകും. പി.ശശിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.