pinarayi vijayanതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പൊതുസ്വത്താണെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. സ്വത്ത് എന്തുചെയ്യണമെന്നുള്ളത് ജനാധിപത്യപരമായി തീരുമാനിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും കണ്ടെടുത്ത അമൂല്യ സമ്പത്തിന്റെ അളവും മൂല്യവും രേഖപ്പെടുത്തി സൂക്ഷിക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഇതിനനുകൂലമായ നിലപാടെടുക്കണം. ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ടം രാജകുടുംബത്തില്‍ നിന്നും മാറ്റി പ്രത്യേക സമിതിയിലാക്കണം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലാക്കണം ഈ ഭരണ സംവിധാനം. തിരുവിതാംകൂര്‍ രാജകുടുംബത്തിനും ഭരണസംവിധാനത്തില്‍ പങ്കാളിത്തം നല്‍കണം. ഇതാണ് ക്ഷേത്രനിധിയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടെന്ന് പിണറായി പറഞ്ഞു.

ക്ഷേത്രത്തിലെ സ്വത്ത് ജനങ്ങളില്‍ നിന്നുപിരിച്ച നികുതിയായും കാണിക്കായും മറ്റും ലഭിച്ചതാണ്. അത് രാജാവിന് ലഭിച്ച സ്വത്താണ്. രാജാവിന്റെ സ്വത്തുക്കള്‍ രാജ്യത്തിന് അവകാശപ്പെട്ടതാണ്. സ്വത്ത് അപഹരിക്കുന്നതിനെതിരെ കേസിനു പോകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പാര്‍ട്ടിനിലപാടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി സമ്മേനങ്ങളുടെ തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ആദ്യവാരത്തോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. ആദ്യ ജില്ലാസമ്മേളനങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടും നടക്കും. സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് നടക്കും. വി.എസ് അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ ദുര്‍ബല വിഭാഗമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടി സമ്മേളനങ്ങളോടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ അറുതിയാകുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് പോലീസ് വിദ്യാര്‍ത്ഥികളുടെ തലയ്ക്കാണ് അടിച്ചത്. പോലീസ് തലയ്ക്ക് തല്ലുന്ന രീതി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അവിടെ നടന്നത് ബോധപൂര്‍വമായ മര്‍ദനമായിരുന്നെന്ന് ഇതില്‍ നിന്നും മനസിലാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.