കോഴിക്കോട്: വെസ്റ്റ്ഹില്‍ എഞ്ചിനിയറിങ് കോളേജ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് വെടിവെച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയാണ് പോലീസ് വെടിവെപ്പുണ്ടാതയെന്നും പിണറായി കുറ്റപ്പെടുത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കഴിഞ്ഞദിവസമുണ്ടായ പോലീസ് മര്‍ദ്ദനത്തിലും വെടിവെപ്പിലും പ്രതിഷേധിച്ച് ഗവ. എഞ്ചിനിയറിങ് കോളേജിനുമുമ്പില്‍ ഡി.വൈ.എഫ്.ഐ നടത്തിയ അനിശ്ചിതകാല ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവെക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള തഹസില്‍ദാറുടെ അനുമതിയില്ലായിരുന്നെന്ന് പിണറായി കുറ്റപ്പെടുത്തി. ഇതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ട്. എന്നാല്‍ ഇത്തരമൊരു ഉത്തരവ് ഉണ്ടായിരുന്നെന്ന് വരുത്തിതീര്‍ക്കാനാണ് പോലീസും ഭരണപക്ഷവും ശ്രമിക്കുന്നത്. തഹസില്‍ദാറില്‍ സ്വാധീനം ചെലുത്തി പോലീസിന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

Subscribe Us:

നിര്‍മല്‍ മാധവിനു തെറ്റായ മാര്‍ഗത്തിലൂടെയാണ് കോഴിക്കോട് ഗവണ്‍മെന്റ് കോളജില്‍ പ്രവേശനം നല്‍കിയത്. മെറിറ്റ് അട്ടിമറിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ അദ്ദേഹം സന്ദര്‍ശിച്ചു.

രാവിലെ ഏഴ് മണിക്കാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഉപരോധം ആരംഭിച്ചത്. ഡി.വൈ.എഫ്.എ നേതാക്കളായ സ്വരാജ്, ഷംസീര്‍, എസ്.എഫ്.ഐ നേതാവ് പി.കെ ബിജു തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. എന്നാല്‍ സ്ഥലത്ത് പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടില്ല.

അതിനിടെ, ഇന്നലെ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് കോളേജിന് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. നിര്‍മല്‍ മാധവും കോഴിക്കോട് ജില്ലാകലക്ടറും തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയശേഷം നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ നിര്‍മല്‍ മാധവിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് കലക്ടര്‍ ഇന്ന് സര്‍ക്കാരിന് കൈമാറും.