കോട്ടയം: വിവാദങ്ങളൊഴിഞ്ഞ സമ്മേളനമാണ് സി.പി.ഐ.എമ്മില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കിളിരൂര്‍ കേസിലെ വി.ഐ.പി വിവാദവും, കവിയൂര്‍ കേസിലെ വിവാദവുമൊക്കെ അവസാനിച്ചിരിക്കുകയാണ്. ആരോപണ വിധേയരായവര്‍ കുറ്റക്കാരല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പിണറായി പറഞ്ഞു. സി.പി.ഐ.എം കോട്ടയം സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

വിവാദങ്ങള്‍ കൊണ്ട് സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ നിരാശരാണ്. കിളിരൂര്‍ , കവിയൂര്‍ തുടങ്ങിയ കേസുകളില്‍ ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. സി.പി.ഐ.എമ്മിനെ കൊത്തിപ്പറിക്കുവാന്‍ കാത്തിരുന്ന ചില മാധ്യമങ്ങള്‍ അതോടെ തീര്‍ത്തും നിരാശരായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസും സര്‍ക്കാരും പുലര്‍ത്തുന്ന കെടുകാര്യസ്ഥതക്ക് മാപ്പുകൊടുക്കാനാവില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസു നടത്തി അനുകൂലമാക്കിയ കാര്യങ്ങള്‍ യു.ഡി.എഫ് നഷ്ടപ്പെടുത്തി. സുപ്രീം കോടതിയുടെ വിധി എന്തായിരിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ചിദംബരം പ്രവചിച്ചു. ഇനി ഒന്നും ചെയ്യാനില്ലെന്നാണ് അതിലും ശക്തനായ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പറയുന്നത്് സംസ്ഥാനത്ത് എല്‍.ഡി.എഫ് നടത്തിയ 6000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ലോകമെമ്പാടും സാമ്രാജ്യത്വം തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ലോകത്താകമാനം നവ ഉദാരവത്കരണനയങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുകയാണ്. അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം കൂടുകയാണ്. മുതലാളിത്തം തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു. സോഷ്യലിസമാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവിടം മുഴുവന്‍ വ്യാപിക്കുകയാണ്. ഈ പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ലോകത്താകമാനം വ്യാപിക്കുകയാണ്. ആഗോളവത്കരണ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ പ്രതികരണമാണ് ഈ പ്രക്ഷോഭങ്ങള്‍. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്‍തുടരുന്ന നവഉദാരവത്കരണ നയങ്ങള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥികളടക്കം വന്‍ കടക്കെണിയിലാണ്. ഗ്രീസ്, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളെല്ലാം കടക്കെണിയിലാണ്. ഇതില്‍ നിന്നും കരകയറാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കി. ഐ.എം.എഫ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കടമെടുത്തു. ചിലവ് ചുരുക്കല്‍ മാര്‍ഗങ്ങള്‍ പിന്‍തുടര്‍ന്നു. എന്നാല്‍ ഇവയെല്ലാം ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും പിണറായി പറഞ്ഞു.

ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വായ്പ കൊടുക്കാമെന്ന് ഐ.എം.എഫ് പറഞ്ഞു. എന്നാല്‍ അവര്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. വായ്പ ലഭിച്ചയുടന്‍ ഗ്രീസ് 1400 കോടിയുടെ പുതിയ നികുതി ചുമത്തണമെന്നും 1400 കോടിയുടെ ചിലവ് ചുരുക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. കൂടാതെ ഇവിടെ ബാക്കിയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരണക്കണമെന്ന നിബന്ധനയും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം ഇവ സ്വകാര്യവത്കരിച്ച് 5,000 കോടിയുടെ ലാഭം നേടണമെന്നാണ് നിബന്ധന. ഈ നിബന്ധനകളൊക്കെ രാജ്യത്തെ സാധാരണക്കാരെയും തൊഴിലാളികളെയുമാണ് ബാധിക്കുക. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ പ്രക്ഷോഭങ്ങള്‍കൊണ്ട് ഇത്തരം നയങ്ങളെ പിന്‍തുടരുന്നത് സ്വാഭാവികമാണ്.

അതേസമയം ഇടതുപക്ഷ അനുഭാവം സൂക്ഷിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉയര്‍ച്ചയിലാണെന്നും പിണറായി പറഞ്ഞു.

Malayalam news

Kerala news in English