തിരുവനന്തപുരം: പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് നടപടിയെടുക്കാന്‍ തയാറാകണമെന്നും പിണറായി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശാന്ത് ബാബു വെളിപ്പെടുത്തിയ കേസുകളിലും സംഭവങ്ങളിലും സുധാകരന് പങ്കുണ്ടെന്ന് കെ.പി.സി.സിക്ക് നേരത്തെ തന്നെ അറിയാം. സുധാകരന്‍ എം.പി കൂടിയായതിനാല്‍ കെ.പി.സി.സിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

സുധാകരനെതിരെ ഇതിന് മുമ്പ് ആരോപണം ഉന്നയിച്ച പുഷ്പരാജ് എന്നയാളുടെ കാല് തല്ലിയൊടിച്ച ചരിത്രമുണ്ട്. ഈ അനുഭവം മുന്‍നിര്‍ത്തി  പ്രശാന്ത് ബാബുവിന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

പല കേസുകളിലും യഥാര്‍ഥ പ്രതികള്‍ക്ക് പകരം പാര്‍ട്ടിയിലെ ചിലരെയാണ് പ്രതിയാക്കിയതെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. കോണ്‍ഗ്രസ് നേതൃത്വം എന്നും സ്വീകരിച്ചത് സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കെ. സുധാകരനാണെന്നായിരുന്നു പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍.

ടി. പി. വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പങ്കില്ലാത്തത് കൊണ്ടുതന്നെയാണെന്നും പിണറായി പറഞ്ഞു. ‘അന്നാഹാരം കഴിക്കുന്നവര്‍ ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എം ന് പങ്കുണ്ടെന്ന് വിശ്വസിക്കില്ല. നല്ല വറ്റ് തിന്നുകൊണ്ടുതന്നെ പറയാം പങ്കില്ലെന്ന്’ പിണറായി പറഞ്ഞു.

ടി.പി. വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അതു പക്ഷേ, പോലീസ് രീതിയില്‍ ആയിരിക്കില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെളിപ്പെടുത്തല്‍ ശുദ്ധകള്ളം: പ്രശാന്ത് ബാബു സി.പി.ഐ.എമ്മിന്റെ തടങ്കലിലെന്ന് സുധാകരന്‍