പയ്യന്നൂര്‍: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഇടുക്കിയില്‍തന്നെയുണ്ടെന്ന് പിണറായി വിജയന്‍. ഇന്നലെയും ഇന്ന് രാവിലെയും അദ്ദേഹം  തന്നെ  വിളിച്ചിരുന്നു. മണി ഒളിവിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വലുതപക്ഷ മാധ്യമങ്ങളുടെ ഗൂഢാലോചനയാണ് ഈവാര്‍ത്തയ്ക്കുപിന്നിലെന്നും പിണറായി ആരോപിച്ചു. പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് ശരിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയെയും പിണറായി ശക്തമായി എതിര്‍ത്തു. മാധ്യമങ്ങളെ ഇനിയും കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് പിണറായി പറഞ്ഞത്. മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെ അധിക്ഷേപിക്കുകയാണ് ചെയ്തത്. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധിയനുസരിച്ചാണ് കോടതിയില്‍ പോയത്. ഇതിനെതിരെ കോടതിയില്‍ പോയത് അച്ചടക്കലംഘനമല്ലെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്കായി കാണേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.

കേസെടുത്ത് പാര്‍ട്ടിയെ ഒതുക്കാന്‍ ശമിക്കേണ്ട. പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ഏതറ്റംവരെയും പോകും. അക്രമത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ ഇനിയും പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുമെന്നും പിണറായി പറഞ്ഞു.