എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ പ്രസ്താവന തെറ്റായിപ്പോയെന്ന് പിണറായി
എഡിറ്റര്‍
Sunday 27th May 2012 12:48pm

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസ്താവന തെറ്റായിപ്പോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടില്‍ നിന്നുള്ള വ്യതിയാനമാണെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ തൊഴുപുഴയില്‍ സഖാവ് എം.എം മണി നടത്തിയ പ്രസംഗത്തിന്റെ ശൈലിക്ക് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യതിയാനമുണ്ട്. അത് തെറ്റായിപ്പോയി. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിപ്പോയി എന്ന് മണി തന്നെ വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ  വളഞ്ഞിട്ട് കൊത്തിക്കീറാന്‍ ശ്രമിക്കുകയാണിപ്പോള്‍. അത്തരമൊരു ഘട്ടത്തില്‍ ഏതൊരു സഖാവും അനാവശ്യമായി എന്തെങ്കിലും പറഞ്ഞാല്‍ അത്തരം പ്രസ്താവന ശത്രുക്കള്‍ ഉപയോഗിക്കും. നേരത്തെ പറഞ്ഞകാര്യം ഈ ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി സഖാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണം. അനാവശ്യ പ്രസ്താവനകള്‍ പാര്‍ട്ടി ശത്രുക്കള്‍ ദുരുപയോഗപ്പെടുത്തും’ പിണറായി പറഞ്ഞു.

സി.പി.ഐ.എം അക്രമത്തെ നേരിട്ടത് ജനത്തെ അണിനിരത്തിയാണെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്കെതിരെ സംഘടിതമായ ആക്രമങ്ങള്‍ പലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ചെറുത്ത് നില്‍പ്പിലൂടെ അത്തരം അക്രമം അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അക്രമങ്ങളെ അതിജീവിച്ചത് ജനങ്ങളെ അണിനിരത്തിയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരമുഖത്തുള്ള സഖാക്കള്‍ക്കെതിരെ പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടപ്പോള്‍ ഭയന്നോടുകയല്ല ചെയ്തത്. സമരമുഖത്തേക്ക് കൂടുതല്‍ സഖാക്കള്‍ അണിചേരുകയാണ്. ഇത്തരം മര്‍ദ്ദനത്തില്‍ ജീവന്‍ തന്നെ ഹോമിക്കാന്‍ സഖാക്കള്‍ തയ്യാറായിട്ടുണ്ട്.  അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകത. അക്രമങ്ങളും കൊലപാതകവും പാര്‍ട്ടി വളര്‍ത്തിയിട്ടില്ല. അക്രമത്തിനും കൊലപാതകത്തിനും ഒരു പാര്‍ട്ടിയെയും തളര്‍ത്താനാവില്ല. അങ്ങനെ തളര്‍ന്നുപോകുന്നതായിരുന്നെങ്കില്‍ സി.പി.ഐ.എം എന്നേ തകര്‍ന്നുപോകുമായിരുന്നെന്നും പിണറായി വ്യക്തമാക്കി.

മണിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചെങ്കില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. തന്റെ വിശദീകരണം നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ പിണറായി വാര്‍ത്താസമ്മേളനവേദി വിട്ടു.

Advertisement