എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മുകാരെ സി.പി.ഐ കൊന്നിട്ടുണ്ടെന്ന് പിണറായി വിജയന്‍
എഡിറ്റര്‍
Monday 13th August 2012 12:08am

കൊല്ലം: സി.പി.ഐയ്‌ക്കെതിരെ നിലപാട് ശക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. വിഭജിച്ചു നിന്നപ്പോള്‍ സി.പി.ഐ.എമ്മുകാരെ സി.പി.ഐക്കാര്‍ കൊന്നിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയില്‍ സുധീന്ദ്രന്‍, ബാലകൃഷ്ണന്‍, തൃശൂരില്‍ സുബ്രഹ്മണ്യന്‍ എന്നിവരെ സി.പി.ഐ കൊന്നു.

Ads By Google

വൈക്കത്ത് വൈക്കം വിശ്വനെ ആക്രമിച്ചു. ഇത്തരക്കാരാണ് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത്. ഇവര്‍ സി.പി.ഐ.എമ്മിനെ വല്ലാതെ തോണ്ടേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിനെ ആക്രമിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിക്കുന്നതെന്ന് കഴിഞ്ഞദിവസം പിണറായി വിമര്‍ശിച്ചിരുന്നു.

‘ഞങ്ങളെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ ഞങ്ങളുടെ ചില ഉത്തമരായ സുഹൃത്തുക്കള്‍ സഹായിക്കാനല്ല ശ്രമിക്കുന്നത്. ഒരു പ്രത്യേക സുഹൃത്ത് ആക്രമിക്കുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ കാസര്‍കോട് മനോജ്, ഇടുക്കിയില്‍ അനീഷ് എന്നിവര്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിലൂടെയും അക്രമത്തിലൂടെയും ഞങ്ങളെ വേട്ടയാടുകയാണ്. യു.ഡി.എഫും അവരെ സഹായിക്കുന്ന വലതുപക്ഷമാധ്യമങ്ങളും സി.പി.ഐ.എം കൊലയാളി പാര്‍ട്ടിയാണെന്ന് പറയുന്നു. അപ്പോള്‍ ചിലര്‍ ‘ ഞങ്ങള്‍ കൊലയാളികളല്ല, ഞങ്ങളുടേത് കൊലയാളി പാര്‍ട്ടിയല്ല’ എന്ന് വിളിച്ചുപറയുന്നു. ആരാണ് ഇങ്ങനെ പറയുന്നത്? ആര്‍ക്കുവേണ്ടിയാണ് പറയുന്നത്? ഇമ്മാതിരി സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലും ഉണ്ടാവുമോ’ എന്നായിരുന്നു കഴിഞ്ഞദിവസം പിണറായി കണ്ണൂരില്‍ ഒരു ചടങ്ങിനിടെ പറഞ്ഞത്.

പിണറായിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തുവരികയും ചെയ്തിരുന്നു. സി.പി.ഐ. ഒരു വ്യക്തിത്വമുള്ള പാര്‍ട്ടിയാണെന്നും മറ്റൊരു പാര്‍ട്ടിയുടെ അഭിപ്രായം അനുസരിച്ച് ബാക്കിയെല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നുമായിരുന്നു പന്ന്യന്റെ മറുപടി.

Advertisement