എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിനോട് കളിക്കാന്‍ ഇപ്പോഴത്തെ പോലീസ് മതിയാവില്ല: പിണറായി വിജയന്‍
എഡിറ്റര്‍
Saturday 30th June 2012 8:30am

തിരുവനന്തപുരം: സി.പി.ഐ.എമ്മിനോട് കളിക്കാന്‍ ഇപ്പോഴത്തെ പോലീസ് മതിയാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊലക്കേസുകളില്‍ പാര്‍ട്ടി നേതാക്കളെ കുടുക്കി സി.പി.ഐ.എമ്മിനെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശ്രമിക്കുന്നത്. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്റെ അറസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പിണറായി കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന എം.ദാസന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന പി. മോഹനന്‍മാസ്റ്ററെ ഭീകരപ്രവര്‍ത്തകനെ പിടിക്കുന്നതുപോലെ പോലീസ് പിടികൂടുകയായിരുന്നു. മോഹനന്‍മാസ്റ്ററെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജനങ്ങള്‍ കോടതി പരിസരത്ത് തടിച്ചുകൂടിയത് സ്വാഭാവികമാണ്. മോഹനന്‍മാസ്റ്ററെ കാണാനാണ് അവിടെ ആളുകള്‍ കൂടിയത്. അതേസമയം റവല്യൂഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കാരെ അവിടെ പോലീസ് എത്തിച്ചതാണ്. വടകരയില്‍ പ്രകോപനമുണ്ടാക്കിയത്  അവരാണ്. പോലീസ് അവര്‍ക്ക് കൂട്ടുനിന്നെന്നും പിണറായി ആരോപിച്ചു. പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വക്രബുദ്ധിയുള്ള നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസിനെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ത്തുകളയാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട. അത്തരമൊരു തെറ്റിദ്ധാരണയോടുകൂടിയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നീങ്ങുന്നതെങ്കില്‍ അതിന് ഇപ്പോഴുള്ള പോലീസ് മതിയാവാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരെയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു. ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരൊക്കെ കഞ്ഞികുടിക്കാന്‍ വേണ്ടി സി.പി.ഐ.എം വിരുദ്ധ വാര്‍ത്ത ചമയ്ക്കുന്നവരാണ്. ഗൂഢാലോചനയുടെ ഭാഗമായി പാര്‍ട്ടിയ്‌ക്കെതിരെ കള്ളവാര്‍ത്ത നല്‍കാന്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുകയാണ്. സി.പി.ഐ.എമ്മിനെ ഇല്ലാതാക്കുക എന്നതാണ് അവരുടെ നയമെന്നും പിണറായി വ്യക്തമാക്കി.

വയറ്റിപിഴപ്പിന് മാധ്യമ മാനേജ്‌മെന്റുകളുടെ താല്‍പര്യത്തിന് വഴങ്ങേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകരോട് ദേഷ്യമില്ല. പാര്‍ട്ടിക്കെതിരെ കള്ള പ്രചരണം നടത്തുന്ന മാധ്യമ മാനേജ്‌മെന്റുകളുടെ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്താനും സി.പി.ഐ.എം തയ്യാറായിട്ടില്ലെന്നും പിണറായി പറഞ്ഞു.

Advertisement