തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് പട്ടയം വേണമെന്ന മതമേലധ്യക്ഷന്മാരുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിലാണ് മലമേലധ്യക്ഷന്മാര്‍ ഈ ആവശ്യവുമായി രംഗത്തുവന്നത്.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ പാടില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കയ്യേറ്റങ്ങളെ കയ്യേറ്റമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


Don’t Miss: ബി.ജെ.പി നേതാവിനെ പുകഴത്തി സി.ഐ.ടി.യു സംസ്ഥാന നേതാവിന്റെ പ്രസ്താവന: സി.പി.ഐ.എമ്മില്‍ പ്രതിഷേധം


അനേക വര്‍ഷമായി കൈവശം വെച്ചിരിക്കുന്നതും ആരാധനാലയങ്ങളായി ഉപയോഗിക്കുന്നതുമായ ഭൂമിക്കൊന്നും പട്ടയമില്ലെന്നും അങ്ങനെയുള്ള ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പഠിക്കുകയും നടപടിയെടുക്കുകയും ചെയ്യണമെന്നായിരുന്നു മതമേലധ്യക്ഷന്‍മാരുടെ ആവശ്യം.

കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍, ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ പ്രതിനിധീകരിച്ച് ഫാദര്‍ ജോര്‍ജ് കുഴിപ്പിളളില്‍, കട്ടപ്പന ടൗണ്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് മൗലവി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം കയ്യേറ്റങ്ങള്‍ക്കു വേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.