pinarayi vijayanതിരുവനന്തപുരം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫിനെ സഹായിച്ചു എന്ന എം.കെ മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തെറ്റായി ഉദ്ധരിച്ചതാണെന്ന മുനീറിന്റെ മറുപടി അംഗീകരിക്കാനാവില്ല. തങ്ങള്‍ പറഞ്ഞതായുള്ള ചില കാര്യങ്ങളും വിക്കിലീക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ ഏറെക്കുറെ അതേ രീതിയിലാണ് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ മാത്രം അവര്‍ക്ക് പിഴവ് പറ്റിയെന്നു പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എന്‍.ഡി.എഫിന് സംരക്ഷണം നല്‍കിയെന്ന ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും ഗൗരവമായ ആരോപണം ഒരു വിദേശ പ്രതിനിധിയോടാണ് മുനീര്‍ പറഞ്ഞത്. അല്‍-ക്വയ്ദയുമായിട്ടാണ് എന്‍.ഡി.എഫിനെ മുനീര്‍ താരതമ്യം ചെയ്തിരിക്കുന്നത്. ഇക്കാര്യം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാന്‍ താല്‍പര്യം കാണിക്കാത്ത മുനീറിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും അതിനാല്‍ അദ്ദേഹവും രാജിവെക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

തന്റെ പാര്‍ട്ടിനയരേഖയിലില്ലാത്ത കാര്യങ്ങള്‍ താന്‍ പ്രതിനിധികളോട് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് മോശം മുഖ്യമന്ത്രിയാണെന്ന കൈരളി ചാനല്‍ മുന്‍ എം.ഡി ജോണ്‍ ബ്രിട്ടാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിക്കിലീക്‌സ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും മന്ത്രിസ്ഥാനം ഒഴിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.