എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ പരാമര്‍ശങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പിണറായി
എഡിറ്റര്‍
Saturday 12th May 2012 12:24pm

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വിവാദ പരാമര്‍ശങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വി.എസിന്റെ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു പിണറായി.

സംഘടനയ്ക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. അത്തരം ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. അതുവരെ കേരളത്തിലെ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സഖാവും ഇക്കാര്യത്തില്‍ പ്രതികരിക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും പിണറായി വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വധവും തുടര്‍ന്നുയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ വടകരയില്‍ ചേര്‍ന്ന സി.പി.ഐ.എം യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പിണറായി. വി.എസിന്റെ പ്രസ്താവന അച്ചടക്ക ലംഘനമാണോയെന്ന ചോദ്യത്തിന് ഇത്രയും മാത്രമേ ഇപ്പോള്‍ പറയുന്നുള്ളുവെന്നായിരുന്നു പിണറായിയുടെ മറുപടി. പാര്‍ട്ടിക്കെതിരേ കടന്നാക്രമണത്തിന് തുടക്കം കുറിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.  ഇത്തരം കടന്നാക്രമണത്തെ ചെറുക്കാന്‍ പാര്‍ട്ടിയും സഖാക്കളും ജാഗ്രതയോടെ രംഗത്തിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങാന്‍ പോകുകയാണ്. ആ പരജയം കുറേക്കൂടി ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടിയും എല്‍.ഡി.എഫും നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ്് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും സി.പി.ഐ.എം നടത്തില്ല. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും, മുഖ്യമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും കുറ്റം സി.പി.ഐ.എമ്മിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്.

സ്വകാര്യലാഭത്തിനുവേണ്ടിയാണ് ചന്ദ്രശേഖരനെ കൊന്നതെന്നാണ് ഡി.ജി.പി കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് അന്ന് വൈകുന്നേരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് അന്വേഷണ സംഘത്തെ വഴിതിരുച്ചുവിടാനുള്ള ശ്രമമാണെന്നും പിണറായി വ്യക്തമാക്കി.

Advertisement