തിരുവനന്തപുരം: അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച പാര്‍ട്ടിയായി മുസ്‌ലീം  ലീഗ് അധ:പതിച്ചെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ലീഗ് പരസ്യമായി വര്‍ഗീയ നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ലീഗിന്റെ മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രക്ഷയില്ല. മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ഹൈക്കമാന്റിന്റെ അനുമതിയോടെയാണ്. തീവ്രവാദം സ്വാംശീകരിച്ച പാര്‍ട്ടിയായി ലീഗ് മാറിയിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ലീഗിന്റെ അസഹിഷ്ണുത കേരളം മുഴുവന്‍ വ്യാപിക്കുകയാണ്. 2011ന് മുമ്പുള്ള ലീഗല്ല 2011ന് ശേഷമുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അഞ്ചാം മന്ത്രിയും വകുപ്പ് വിഭജനവും സംസ്ഥാനത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിച്ചെന്നും പിണറായി അഭിപ്രായപ്പെട്ടു. ഒരു സമുദായത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലീഗ് നിര്‍ബന്ധത്തിലൂടെ ഒരു മന്ത്രിസ്ഥാനം കൂടി നേടുകയായിരുന്നു. ഇതിലൂടെ സാമുദായിക സന്തുലനാവസ്ഥ അട്ടിമറിക്കപ്പെട്ടുവെന്ന് ഇതിനെല്ലാം നേതൃത്വം കൊടുത്ത ഉമ്മന്‍ചാണ്ടിതന്നെ ഏറ്റുപറയുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് വിശ്വാസം. ആ കോണ്‍ഗ്രസാണ് സാമുദായിക അടിസ്ഥാനത്തില്‍ വകുപ്പുകള്‍ വിഭജിച്ചത്. ഇതിലൂടെ കൂടുതല്‍ സാമുദായിക വികാരം ഇളക്കിവിടുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസില്‍ ശക്തമായ പൊട്ടിത്തെറിയാണുണ്ടായത്.

സ്ഥിരതയില്ലാത്തതാണ് യു.ഡി.എഫ് ഭരണമെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ രണ്ട് മുഖ്യമന്ത്രിമാരെയാണ് കണ്ടത്. അതേ അവസ്ഥയിലേക്ക് വീണ്ടും നീങ്ങുകയാണെന്നും പിണറായി ആരോപിച്ചു.

Malayalam News

Kerala News in English