ന്യൂദല്‍ഹി: ശെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇതിനുവേണ്ടി ഗസ്റ്റ് ഹൗസില്‍ കൂടിയാലോചനകള്‍ നടന്നിരുന്നെന്നും പിണറായി ആരോപിച്ചു. ദല്‍ഹിയില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ശെല്‍വരാജിനെ വിലയ്‌ക്കെടുത്തെന്ന് ആവര്‍ത്തിച്ച പിണറായി പി.സി. ജോര്‍ജിനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ ഗൂഢാലോചനയാണിതെന്നും ആരോപിച്ചു. ‘ഈ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. 10 ദിവസം മുമ്പ് ഒരാള്‍ പറഞ്ഞു അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കേരളരാഷ്ട്രീയത്തില്‍ ഒരു ബോംബ് പൊട്ടുമെന്ന്. അത് പിറവം തിരഞ്ഞെടുപ്പല്ലെന്ന് ഇദ്ദേഹം പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയ്ക്കുവേണ്ടി ഇയാളാണ് കരുക്കള്‍ നീക്കിയത്. നേരത്തെയും ഇയാള്‍ ഉമ്മന്‍ചാണ്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.’

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് ജഡ്ജിയുടെ വിധി വന്നപ്പോള്‍ ആ ജഡ്ജിയെ അധിക്ഷേപിച്ച് പ്രസ്താവനയിറക്കിയതും അയാളെക്കൊണ്ട് രാജിവെപ്പിച്ചതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു. ജഡ്ജിയെ രാജിവെപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഇയാളെ ചുമതലപ്പെടുത്തുകയായിരുനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ‘

‘ ശെല്‍വരാജ് രാജിവെച്ച ദിവസം ഇയാള്‍ക്കൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് മുഖ്യമന്ത്രിയുടെ വീട്ടില്‍ ഇവര്‍ എത്തിയത്. ആറ് മണിക്കുശേഷമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം.’

ഇതിന്റെയൊക്കെ ഗൂഢാലോചന മുഖ്യമന്ത്രിയുടേതാണ്. ആയുധം മാത്രമാണ് ഇയാള്‍. പാര്‍ലമെന്റില്‍ വിശ്വാസവോട്ടിനുവേണ്ടി നല്‍കിയ കോഴ ഉയര്‍ത്തിക്കാട്ടിയത് നമ്മള്‍ കണ്ടു. അതിപ്പോള്‍ കോണ്‍ഗ്രസ് കേരള സംസ്ഥാനത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ്. കേരളത്തിന് ചേരാത്ത പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യു.ഡി.എഫും ഇവിടെ നടത്തുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇവര്‍ ഉപയോഗിക്കുന്നു. ‘ പിണറായി പറഞ്ഞു.

യു.ഡി.എഫ് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് തങ്ങള്‍ അറിഞ്ഞത് വൈകിയാണെന്നും പിണറായി സമ്മതിച്ചു. പിറവം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അധികാരം നഷ്ടപ്പെടുമോയെന്ന ഭീതി യുഡിഎഫിന്റെ മാനസീക നില തെറ്റിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ഇതേ രീതിയില്‍ തിരിച്ചടി നല്‍കുമോയെന്ന ചോദ്യത്തിന് യു.ഡി.എഫ് കാട്ടുന്ന രാഷ്ട്രീയ നെറികേട് അതേ രീതിയില്‍ പിന്തുടരാന്‍ എല്‍.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.

Malayalam news

Kerala news in English