തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ള ജയിലില്‍  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സര്‍ക്കാറിന് നേരത്തെ അറിയാമായിരുന്നുവെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച് എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാറിനയച്ച കത്ത് പുറത്തായി. പിള്ള നിയമവിരുദ്ധമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നും കോയിന്‍ ബോക്‌സ് ഉപയോഗിക്കാന്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ പുറത്തായത്.

ജയില്‍ ഡി.ജി.പി രണ്ട് തവണയായാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തയച്ചിട്ടുള്ളത്. മെയ് 16നും 18നുമാണ് ഇങ്ങിനെ കത്തയച്ചത്. മെയ് 16ന് അയച്ച കത്തില്‍ ബാലകൃഷ്ണപ്പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി ചില പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത് എന്നാല്‍ 18ന് അയച്ച കത്തില്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ബാലകൃഷ്ണപ്പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്നും ഇതെക്കുറിച്ച് താന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ തടവുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ കോയിന്‍ ബോക്‌സ് സൗകര്യമുണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കാന്‍ പിള്ള തയ്യാറാവുന്നില്ലെന്നും കത്തില്‍ പറയുന്നു. സുരക്ഷാ കാരണങ്ങളാലാണ് പിള്ള കോയിന്‍ ബോക്‌സ് ഉപയഗിക്കുന്നത്.

ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പിള്ളക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ബാലകൃഷ്ണപ്പിള്ള കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലുമായി സംസാരിച്ചത് വിവാദമായിരുന്നു. വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ നിരപരാധിത്വം വിശദീകരിക്കുന്നതിനായിരുന്നു പിള്ള ചാനല്‍ റിപ്പോര്‍ട്ടറോട് ഫോണില്‍ ബന്ധപ്പെട്ടത്. തടവുപുള്ളി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് കണ്ടെത്തുകയും പിള്ളയുടെ പരോളില്‍ നാല് ദിവസം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ പിള്ള ഉപയോഗിച്ചത് സഹായിയുടെ ഫോണാണെന്നാണ് അന്ന് സര്‍ക്കാറും പിള്ളയുടെ വക്താക്കളും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പിള്ള ആശുപത്രിയില്‍ ഉപയോഗിച്ച ഫോണ്‍ ജയിലിലും ഉപയോഗിച്ചിരുന്നതായി മൊബൈല്‍ ടവറില്‍ നിന്നുള്ള സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ വ്യക്തമായിരുന്നു. എന്നാല്‍ ജയില്‍ ഡി.ജി.പി ഇക്കാര്യം ഔദ്യോഗികമായി സര്‍ക്കാറിനെ അറിയിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നത്.