തിരുവനന്തപുരം: തടവില്‍ കഴിയവേ ഫോണ്‍ ഉപയോഗിച്ചു എന്ന വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തു. ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കുമാരന്‍ ആണ് മൊഴിയെടുത്തത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നാളെ തന്നെ മുഖ്യമന്ത്രിക്ക് നല്‍കുമെന്നാണ് സൂചന.

ചാനല്‍ പ്രവര്‍ത്തകനോട് സംസാരിച്ചുവെന്നും എന്നാല്‍ താന്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാറില്ലെന്നും പിള്ള മൊഴി നല്‍കിയതായാണ് സൂചന. മന്ത്രിയായിരുന്നപ്പോഴും താന്‍ ഫോണ്‍ കൊണ്ടു നടക്കാറില്ല. ചാനല്‍ പ്രവര്‍ത്തകരോട് സംസാരിച്ചത് സത്യമാണ്. വാളകം കേസുമായി ബന്ധപ്പെട്ട ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അപ്പോഴത്തെ മാനസികാവാസ്ഥയില്‍ താന്‍ അയാളോട് സംസാരിച്ച് പോയതണ്. തന്റെ സഹായി കൃഷ്ണനാണ് ഫോണ്‍ എടുത്തതെന്നും ബാലകൃഷ്ണപിള്ള അന്വേഷണ ഉദ്ദേഴാഗസ്ഥന് മൊഴി നല്‍കിയെന്നാണ് സൂചന

ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയവെ ബാലകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാദ്ധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചു എന്നാണ് കേസ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി.ജി.പി. ഉത്തരവിട്ടിരിന്നു. തുടര്‍ന്ന് വെല്‍ഫെയര്‍ ഓഫീസര്‍ പി.എ.വര്‍ഗീസ് അന്വേഷണം നടത്തി ജയില്‍ എഡിജിപിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആര്‍. ബാലകൃഷ്ണപിള്ള ജയില്‍ചട്ടം ലംഘിച്ചതായും ആശൂപത്രിയില്‍ ചികിത്സിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചതായും കണ്ടെത്തി. അതേസമയം  തടവുശിക്ഷക്കിടെ മുമ്പ് ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും വെല്‍ഫെയര്‍ ഓഫീസര്‍ പി.എ.വര്‍ഗീസ് ജയില്‍ എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പി.എ വര്‍ഗീസ് ജയില്‍ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടത് പിള്ളയുടെ ശുപാര്‍ശപ്രകാരമാണെന്നു പ്രതിപക്ഷനേതാവ് വി.എസ് ആരോപിച്ചതിനെ തുടര്‍ന്ന ഇദ്ദേഹം കേസന്വഷണത്തില്‍ നിന്ന് പിന്മാറി. വര്‍ഗീസ് പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ കുമാരനെ അന്വേഷണ ചുമതല നല്‍കിയത്.