മന്ത്രിസ്ഥാനം വേണ്ടെന്ന് പിള്ള: ഗണേഷുമായി കൂടിക്കാഴ്ച നടത്തി
Kerala
മന്ത്രിസ്ഥാനം വേണ്ടെന്ന് പിള്ള: ഗണേഷുമായി കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2013, 1:23 pm

തിരുവനന്തപുരം: കേരളകോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ഉടന്‍ വേണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മുന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പിള്ളയോട് യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്ന് അറിയിച്ചു.[]

യുഡിഎഫ് യോഗത്തിലാണ് പിള്ള നിലപാട് വ്യക്തമാക്കിയത്. ഗണേഷ് കുമാറിന് പകരം പുതിയ മന്ത്രിയെ കണ്ടെത്താനുള്ള ശ്രമവും ഇന്നത്തെ യോഗത്തില്‍ വിജയിച്ചില്ല. []

പകരം മന്ത്രിയെ തത്ക്കാലം വേണ്ടെന്നാണ് പിള്ള നിലപാട് സ്വീകരിച്ചത്. എന്നാല്‍ വനംവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാനും പിള്ള തയ്യാറായില്ല.

അഭിപ്രായഭിന്നത പരിഹരിക്കാന്‍ സിഎംപി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം 22നാണ് ചര്‍ച്ച.

അതേസമയം, ബാലകൃഷ്ണപിള്ള കാബിനറ്റ് റാങ്കോടെ വരുന്നത് നല്ലകാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പി.പി തങ്കച്ചന്‍ അറിയിച്ചു.

അതേസമയം കെ.ബി.ഗണേഷ് കുമാര്‍ പിതാവും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും ആയ ആര്‍.ബാലകൃഷ്ണ പിളളയുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം തമ്പാനൂരിലുള്ള പാര്‍ട്ടി ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം ആദ്യമായാണ് ബാലകൃഷ്ണപിള്ളയുമായി കൂടിക്കാഴ്ച നടത്തുന്നത്.

വ്യക്തിപരമായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ടതില്ലെന്നു കൂടിക്കാഴ്ച കഴിഞ്ഞിറങ്ങിയ ശേഷം ഗണേഷ് കുമാര്‍ പറഞ്ഞു.