ലണ്ടന്‍: പരിക്ക് കാരണം ഫീല്‍ഡിലിറങ്ങാതിരുന്ന സഹീര്‍ഖാന്റെ അഭാവത്തില്‍ മൂര്‍ച്ചകുറഞ്ഞ ഇന്ത്യന്‍ പേസ് നിരയെ അടിച്ചുപരത്തി കെവിന്‍ പീറ്റേഴ്‌സന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. പീറ്റേഴ്‌സന്റെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 470 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 17 റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്‍സോടെ അഭിനവ് മുകുന്ദും ഏഴ് റണ്‍സോടെ ഗൗതം ഗംഭീറുമാണ് ക്രീസില്‍.

127ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇംഗ്ലണ്ടിനെ മൂന്നാം ഡബിള്‍ സെഞ്ചുറിയുമായി പീറ്റേഴ്‌സണ്‍ മുന്നില്‍ നിന്ന് നയിച്ചു. 326 പന്തില്‍ 21 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 202 റണ്‍സെടുത്ത പീറ്റേഴ്‌സണ്‍ പുറത്താകാതെ നിന്നു. 2008നുശേഷം ഇംഗ്ലണ്ടില്‍ ആദ്യമായാണ് പീറ്റേഴ്‌സണ്‍ മൂന്നക്കം കടക്കുന്നത്. 75-ാം ടെസ്റ്റ് കളിക്കുന്ന പീറ്റേഴ്‌സണ്‍ ഇന്ത്യയ്‌ക്കെതിരെയിത് നാലാം തവണാണ് നൂറിലധികം റണ്‍സ് കണ്ടെത്തുന്നത്.

ഇംഗ്ലണ്ടിനായി ജൊനാഥന്‍ ട്രോട്ട്(70), മാറ്റ് പ്രയര്‍(71), എന്നിവര്‍ അര്‍ദ്ദസെഞ്ച്വറി നേടി. ഇയാന്‍ ബെല്‍(45) റണ്‍സെടുത്തു, ഓയിന്‍ മോര്‍ഗന്‍(0), മാറ്റ് പ്രയര്‍(71), സ്റ്റുവര്‍ട്ട് ബ്രോഡ്(0), ഗ്രെയിം സ്വാന്‍(24) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇലെ നഷ്ടമായ മറ്റ് വിക്കറ്റുകള്‍. ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ പീറ്റേഴ്‌സണൊപ്പം നാലു റണ്‍സുമായി ട്രംലറ്റ് പുറത്താകാതെിന്നു.

സഹീറിന്റെ അഭാവത്തില്‍ ഇന്ത്യന്‍നിരയില്‍ മുന്‍നിര ബൗളര്‍മാരായ ഹര്‍ഭജന്‍ സിങിനും ഇഷാന്ത് ശര്‍മ്മയും തീര്‍ത്തും നിറം മങ്ങിയപ്പോള്‍, മീഡിയം പേസറായ പ്രവീണ്‍കുമാര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. 40.3 ഓവര്‍ എറിഞ്ഞ പ്രവീണ്‍ 106 റണ്‍സ് വിട്ട് നല്‍കിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റില്‍ പ്രവീണിന്റെ ഏറ്റവും മികച്ച ബോളിങ്ങാണിത്.