പത്തുവര്‍ഷം മുന്‍പുള്ള മാര്‍ച്ച് ഒന്നിന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി ഗുജറാത്ത് കലാപം പകര്‍ത്താന്‍ അര്‍കോ ദത്ത എത്തുമ്പോള്‍ ഇടുങ്ങിയ തെരുവിലെ യുദ്ധമുഖത്തുനിന്നും വേട്ടക്കാരനുമുന്നില്‍ അകപ്പെട്ട ഇരയെപ്പോലെ ദൈന്യതയാര്‍ന്ന ഭാവത്തോടെ കണ്ണീരോടെ തൊഴുകൈയ്യുമായി ഒരാള്‍ നിന്നു, ഖുത്ത് ബുദീന്‍ അന്‍സാരി.

കെട്ടിടത്തിനു മുകളില്‍ കുടുങ്ങിക്കിടക്കുന്ന അന്‍സാരിയേയും സുഹൃത്തുക്കളുടേയും നേര്‍ക്ക് അക്രമികള്‍ വടിവാളും തോക്കുമായി അക്രമിക്കാനായി അടുക്കുമ്പോള്‍ സംരക്ഷണം നല്‍കേണ്ട സൈന്യത്തിന്റെ വാഹനം ഇവരുടെ കരച്ചില്‍ കേള്‍ക്കുക പോലും ചെയ്യാതെ കടന്നു പോയി. അടുത്ത സെക്കന്റിനുള്ളില്‍ തന്നെ അര്‍കോയുടെ ക്യാമറ നാലഞ്ചുവട്ടം ഫഌഷ് മിന്നി.

Subscribe Us:

ഗുജറാത്ത് കലാപത്തിന്റെ മരിക്കാത്ത ഓര്‍മയായ ഇരുകൈകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന ആ ഇരുപത്തെട്ടുകാരന്റെ ചിത്രം ലോകമെമ്പാടുമുള്ള ആളുകള്‍ കണ്ടു. ആ ഒരൊറ്റ ചിത്രം അര്‍കോയ്ക്ക് നേടിക്കൊടുത്തത് വേള്‍ഡ് പ്രസ് അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍.

സൈനികരുടെ വണ്ടി തടഞ്ഞ് ഇവരെ ഇവിടുന്ന് രക്ഷപ്പെടുത്തിയാല്‍ മാത്രമേ തങ്ങളിവിടുന്ന് നീങ്ങുകയുള്ളു എന്ന് അര്‍കോ ശഠിച്ചതോടെയാണ് അന്‍സാരിയേയും കൂട്ടുകാരേയും രക്ഷിക്കാന്‍ സൈന്യം തയ്യാറായത്.

ലോകമെമ്പാടുമുള്ള പത്രങ്ങളിലെ ഒന്നാം പേജില്‍ തന്റെ ഫോട്ടോ നിറഞ്ഞു നിന്നത് ഒരാഴ്ചയ്ക്കു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ വെച്ചാണ് അന്‍സാരി കണ്ടത്. പിന്നീട് ഈ ഒരു ഫോട്ടോ രാഷ്ട്രീയക്കാരും തീവ്രവാദികളും പ്രചരണ ആയുധമാക്കിയെടുത്തു. ദീര്‍ഘനാളത്തെ അലച്ചിലിനുശേഷം കലാപശേഷം ജനിച്ച കുട്ടികളുമൊത്ത് അതേ സ്ഥലത്ത് തുന്നല്‍ക്കാരനായി അന്‍സാരി ജീവിക്കുകയാണ്.

പത്താണ്ടിനുശേഷം തന്റെ ഫോട്ടോയിലെ വ്യക്തിയെ അര്‍കോ നേരിട്ടുകണ്ടു. വികാരഭരിതമായിരുന്നു ആ കൂടിക്കാഴ്ച. കണ്ടയുടന്‍ തന്നെ ഇരുവരും ഗാഢമായി ആലിംഗനം ചെയ്തു. എല്ലാം വിധിയെന്ന് സമാശ്വസിക്കുന്ന അന്‍സാരി ദൈവം രക്ഷകനായാണ് ആ സമയത്തെ താങ്കളെ അങ്ങോട്ട് അയച്ചതെന്നു പറഞ്ഞ് അര്‍കോയോടു തൊഴുകൈകളോടെ നന്ദി പറഞ്ഞു.

കലാപം കലുഷിതമാക്കിയ ആ നാളുകളും നിലനില്‍പ്പിനായി പൊരുതിയ നാളുകളും അന്‍സാരി പങ്കുവെച്ചു. തന്റെ ചിത്രം അന്‍സാരിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാപ്പു പറഞ്ഞ് സുഹൃത്തുക്കളായി ഇരുവരും പിരിഞ്ഞു.

Malayalam news

Kerala news in English