പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പ് എല്ലാ സിഗരറ്റുപാക്കറ്റുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന പുകവലി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പാക്കറ്റുകളില്‍ ക്യാന്‍സര്‍ ബാധിതരുടെ ചിത്രങ്ങള്‍ പതിക്കണമെന്ന് ഓന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. ഡിസംബറോടു കൂടി നിയമം പ്രാബല്യത്തില്‍വരുത്താനും മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ മുമ്പത്തെപ്പോലെ ഇതും പ്രാവര്‍ത്തികമാകുന്ന കാര്യത്തില്‍ സംശയമാണ്. ഉത്തരവു പുറപ്പെടുവിച്ചതിന്റെ പിറ്റെദിവസംതന്നെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി തങ്ങള്‍ക്ക് മതിയായ സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടുബാക്കോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ കേന്ദ്രആരോഗ്യമന്ത്രാലയത്തിന് കത്തയച്ചതായി പ്രമുഖ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ കമ്പനികള്‍ക്ക് ഈ സമയം ആവശ്യമാണോ എന്നുള്ളത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. ചിത്രങ്ങള്‍ പതിക്കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ 2009 ല്‍ കമ്പനികള്‍ക്ക് മൂന്നുമാസത്തെ സമയം നല്‍കിയിരുന്നു. അന്ന് സമയപരിധി കുറവാണെന്ന് അഭിപ്രായപ്പെട്ട കമ്പനികള്‍ക്ക് ആറുമാസത്തെ കാലയളവാണ് ഇത്തവണ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കാലയളവും പര്യാപ്തമല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ടുബാക്കോ ഇന്‍സ്റ്റിറ്റിയൂട്ട്.

ടുബാക്കോ ഇന്‍സ്റ്റിറ്റിയൂട്ട് അല്‍പംകൂടെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തമായ കാരണമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രാലയം ടുബാക്കോ കണ്‍ട്രോള്‍ ഡയറക്ടര്‍ രാകേഷ് ശര്‍മ വ്യക്തമാക്കി.

അതോടൊപ്പംതന്നെ അനുവദിച്ച സമയം നീട്ടിക്കിട്ടാനായി കമ്പനികളും മന്ത്രിസഭയിലുള്ളവരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ടുബാക്കോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഈ വാര്‍ത്ത നിഷേധിച്ചു. സമയം ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ കത്തയച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.

കഴിഞ്ഞ മെയ് 27 നാണ് സിഗരറ്റുപാക്കറ്റുകളില്‍ കാന്‍സര്‍ ബാധിതരുടെ ചിത്രങ്ങള്‍ നിര്‍ബന്ധമായും പതിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിടുന്നത്.ഇതിനായി കവിളിലും വായിലും ക്യാന്‍സര്‍ ബാധിച്ചവരുടെ ചിത്രങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

ഡിസംബര്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ചിത്രങ്ങള്‍ മാറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്.