‘കോ’ ഫെയിം പിയ ബാജ്‌പെയി മലയാളത്തിലേക്ക്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ‘മാസ്റ്റേഴ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് പിയ മോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടാണ് പിയ എത്തുന്നത്.

തുറുപ്പുഗുലാന്‍, സി.ഐ.ഡി മൂസ, കൊച്ചിരാജാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കുസമ്മാനിച്ച ജോണി ആന്റണിയാണ് ‘മാസ്‌റ്റേഴ്‌സ’് ഒരുക്കുന്നത്.

തെന്നിന്ത്യന്‍ സിനിമാസങ്കല്‍പങ്ങള്‍ മാറ്റിയെഴുതിയ ‘സുബ്രഹ്മണ്യപുര’മെന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും സംവിധാനരംഗത്തേക്കും കടന്നുവന്ന ശശികുമാറും ഈ ചിത്രത്തില്‍ നായകതുല്യ കഥാപാത്രത്തിലെത്തുന്നുണ്ട്.

തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായ കെ.വി ആനന്ദിന്റെ ‘കോ’ എന്ന ചിത്രമാണ് പിയയെ പ്രശസ്തയാക്കിയത്. വായാടിയും തന്റേടിയുമായ സരോ എന്ന പത്രപ്രവര്‍ത്തകയുടെ വേഷമായിരുന്നു ‘കോ’യില്‍ പിയ ചെയ്തത്. ചിത്രത്തിന്റെ വിജയത്തോടെ നിരവധി അവസരങ്ങള്‍ അവരെ തേടിയെത്തി.

ഇപ്പോള്‍ മലയാളത്തില്‍ മറ്റൊരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് പിയ ബാജ്‌പെയി.