വിഷ്ണു ഗുപ്ത സുബ്രഹ്മണ്യന്‍ സ്വാമിക്കൊപ്പം വേദിയില്‍

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ ജി ഭവനില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയ്ക്ക് സംഘപരിവാറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്.

വിഷ്ണു ഗുപ്ത സാക്ഷി മഹാരാജിനൊപ്പം

തനിക്ക് ബി.ജെ.പി സംഘപരിവാര്‍ നേതാക്കളുമായി യാതൊരു ബന്ധവുമില്ലെന്ന് വിഷ്ണു ഗുപ്തയും വിഷ്ണു ഗുപ്തയ്ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഈ കള്ളപ്രചാരണം പൊളിച്ചടുക്കി ചിത്രങ്ങള്‍ പുറത്തുവന്നത്.

സ്വാധി പ്രഗ്യാ സിങ്ങിനൊപ്പം വിഷ്ണു

ദീര്‍ഘകാലമായി വിശ്വഹിന്ദു പരിഷത്തിന്റെ സജീവപ്രവര്‍ത്തകനായ വിഷ്ണു ഗുപ്ത വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്റെ കാല്‍തൊട്ടുവന്ദിക്കുന്നതും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുമൊത്ത് വേദി പങ്കിടുന്ന ചിത്രവുമാണ് പുറത്തുവന്നത്.

നരേന്ദ്ര മോദി, അമിത് ഷാ, കുമ്മനം രാജശേഖരന്‍ എന്നിവരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബിജെപിക്കുവേണ്ടി ‘മിന്നലാക്രമണം’ നടത്തിയതിന് ജയിലില്‍ കിടന്നിട്ടുള്ളയാള്‍ കൂടിയാണ് ഗുപ്ത.

വിഷ്ണു ഗുപ്ത അശോക് സിംഗാളിനൊപ്പം

ഹിന്ദുസേനയ്ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് അവകാശപ്പെടുക മാത്രമല്ല, ആക്രമണം നടത്തിയത് ബി.ജെ.പിയില്‍ ആരോപിച്ച് കേരളത്തില്‍ സംഘട്ടനങ്ങള്‍ക്ക് വഴിമരുന്നിട്ടതിന് സീതാറാം യെച്ചൂരിക്കെതിരെ കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ഏഴിനാണ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പടിയിലായിരുന്നു.

വിഷ്ണു ഗുപ്ത പ്രവീണ്‍ തൊഗാഡിയയ്‌ക്കൊപ്പം

രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ളവര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ‘മിന്നലാക്രമണം’ നടത്തിയാണ് വിഷ്ണു ഗുപ്ത, തജിന്ദര്‍പാല്‍ സിങ് ബഗ്ഗ തുടങ്ങിയവര്‍ ദല്‍ഹി രാഷ്ട്രീയത്തില്‍ സജീവമായത്.

അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എഴുത്തുകാരി അരുന്ധതി റോയ്, ആര്യസമാജ് മേധാവി സ്വാമി അഗ്‌നിവേശ്, ജമ്മു കശ്മീരിലെ സ്വതന്ത്ര എം.എല്‍.എ എന്‍ജിനിയര്‍ റഷീദ് എന്നിവരെ ഇവര്‍ ആക്രമിച്ചു.

ബഗ്ഗ ഇപ്പോള്‍ ബി.ജെ.പി ദല്‍ഹി സംസ്ഥാന ഘടകത്തിന്റെ വക്താവാണ്. കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നു എന്നാരോപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് വിഷ്ണു ഗുപ്തയും മലയാളിയായ പ്രതീഷ് വിശ്വനാഥനുമായിരുന്നു. പ്രതീഷിന്റെ വിവാഹത്തിന് തൊഗാഡിയക്കൊപ്പമാണ് വിഷ്ണു ഗുപ്ത പങ്കെടുത്തത്.