എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി മുനീറിന്റെ ഭാര്യക്ക് വധ ഭീഷണി; രണ്ടു പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Wednesday 18th April 2012 4:45pm

കോഴിക്കോട്: ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി എം.കെ മുനീറിന്റെ ഭാര്യയെ മൊബൈല്‍ ഫോണില്‍ വിളിച്ച് വധ ഭീഷണി മുഴക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആദ്യം ഫോണ്‍ കോള്‍ വന്നത്. നടക്കാവിലെ വീട്ടിലായിരുന്ന മന്ത്രിയുടെ ഭാര്യയോട് അപകീര്‍ത്തികരമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ ജോണ്‍സണ്‍, കെഎഫ് ജോണി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാവിലെ 11നാണ് ഭീഷണിയുടെ സ്വരത്തില്‍ ആദ്യഫോണ്‍ വിളിയുണ്ടായത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത നമ്പറുകളില്‍ നിന്ന് മന്ത്രിയുടെ ഭാര്യയുടെ ഫോണില്‍ എട്ട് പ്രാവശ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയുമായിരുന്നു. വധ ഭീഷണി മുഴക്കുകയും ചെയ്തു. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ച് വര്‍ഗ്ഗീയ സ്വഭാവത്തിലാണ് ഫോണ്‍ വിളിച്ചവര്‍ സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു.

നടക്കാവിലെ വീട്ടിലായിരുന്നു ഫോണ്‍ ഭീഷണി വരുമ്പോള്‍ മുനീറിന്റെ ഭാര്യ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഫോണ്‍നമ്പര്‍ മന്ത്രി മുനീറിന് കൈമാറി. ഫോണ്‍ ഭീഷണി തുടരെ വന്നതോടെ മന്ത്രിയുടെ ഗണ്‍മാന്‍ സംഭവം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്റെ ശ്രദ്ധയില്‍പെടുത്തുകയും ഫോണ്‍ നമ്പറുകള്‍ കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു.

വൈകിട്ട് മൂന്നോടെ വിളിച്ചവരുടെ മേല്‍വിലാസം പാലക്കാട്ട് നിന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പാലക്കാട് എസ്.പി എന്‍.പി.ദിനേശിനെ വിവരം അറിയിക്കുകയും ഫോണ്‍ ഉടമകളുടെ മേല്‍വിലാസം കൈമാറുകയും ചെയ്തു. വൈകിട്ട് 4.30ന് പ്രതികളെ പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും പാലക്കാട് എസ്.പി എന്‍.പി.ദിനേശ് വിശദമായി ചോദ്യംചെയ്തു. ലീഗിലെ അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ രോഷം പൂണ്ടാണ് ഭീഷണി മുഴക്കിയതെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Malayalam News

Kerala News in English

Advertisement