ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് റെബേക്ക ബ്രൂക്‌സിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. റൂപ്പര്‍ഡ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഇന്റര്‍നാഷണലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു ബ്രൂക്‌സ്. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബ്രൂക്‌സ് രാജി വെച്ചത്. ചോദ്യം ചെയ്യലിനായി ബ്രൂക്‌സ് പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍. 43കാരിയായ റെബേക്ക ബ്രൂക്‌സിനെതിരെ ഗൂഢാലോചനാക്കുറ്റം, അഴിമതി വിരുദ്ധ നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന പത്താമത്തെ അറസ്റ്റാണ് റെബേക്ക ബ്രൂക്‌സിന്റേത്. മര്‍ഡോക്കിന്റെ വിശ്വസ്തയായി അറിയപ്പെടുന്നയാളാണ് റെബേക്ക ബ്രൂക്‌സ്. ചോദ്യം ചെയ്യാനായി ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രത്തിന്റെ തലപ്പത്തുള്ള നിരവധി പേരെ അന്വേഷണസംഘം അറസ്റ്റുചെയ്തിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാപനമുടമ റൂപ്പര്‍ഡ് മര്‍ഡോക്ക് പരസ്യമായി മാപ്പുപറയുകയും ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.