എറണാകുളം: എ.കെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍. വിവാദമായ ഫോണ്‍വിളി കേസിലെ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയാണ് കോടതിയെ സമീപിച്ചത്.

മുന്‍ മന്ത്രിയായ ശശീന്ദ്രനുമായുള്ള പ്രശ്‌നം ഒത്തു തീര്‍പ്പായെന്നും അന്യായം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് യുവതി കോടതിയില്‍ ബോധിപ്പിച്ചത്. തിരുവനന്തപുരം മജിസ്‌ടേറ്റ് കോടതിയിലെ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് യുവതിയുടെ ആവശ്യം.

കേസ് കോടതിയ്ക്കു പുറത്തുവെച്ച് ഒത്തുതീര്‍പ്പായെന്നും ഇത് തികച്ചും വ്യക്തിപരമായ സംഭവമായതിനാല്‍ കോടതിയില്‍ താന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള നടപടികള്‍ റദ്ദാക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. അതേസമയം, യുവതിയുടെ ഹര്‍ജി കോടതി അടുത്തയാഴ്ച്ച പരിഗണിക്കും.


Also Read: ‘അവന് സി.പി.ഐ.എമ്മുമായി യാതാരു ബന്ധവുമില്ല’; ഒ.കെ വാസുവിന്റെ മകന്‍ ബി.ജ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരി


ചാനലിന്റെ ലോഞ്ചിംഗ് ദിവസത്തെ ബ്രേക്കിംഗ് ന്യൂസിനായി മാനേജുമെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക മന്ത്രിയെ സമീപിക്കുകയും ഹണിട്രാപ്പില്‍ പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് മുന്നിലെത്തിയ വീട്ടമ്മയോട് ശശീന്ദ്രന്‍ അശ്ലീലം പറഞ്ഞെന്നായിരുന്നു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത.

തുടര്‍ന്ന് സംഭവം വന്‍വിവാദമാവുകയും മന്ത്രി രാജി വെക്കുകയും ചെയ്തു. കേസില്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. എന്‍.സി.പി മന്ത്രിയായ തോമസ് ചാണ്ടിയുടെ രാജിക്ക് സമര്‍ദ്ദമേറിയ പശ്ചാത്തലത്തിലാണ് എ.കെ ശശീന്ദ്രന് അനൂകലമായ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.