പത്തനംതിട്ട: യേശു ക്രിസ്തു വിമോചന പോരാളിയാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് പിന്തുണയുമായി ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം രംഗത്ത്. പിണറായി വിജയന്‍ വിശ്വാസികളെക്കാള്‍ കൂടുതല്‍ ക്രിസ്തുവിനെ മനസ്സിലാക്കിയിരിക്കുകയാണെന്ന് ക്രിസ്‌റ്റോസ്റ്റം തിരുമേനി പറഞ്ഞു.

‘യേശുക്രിസ്തു വിമോചന പോരാളിയാണെന്ന പിണറായിയുടെ പ്രസ്താവന ശരിയാണ്. നമ്മള്‍ പറയുകയും എല്ലാവരും വിശ്വസിക്കുകയും ചെയ്യുന്ന കാര്യം പിണറായി പറഞ്ഞപ്പോള്‍ നമ്മള്‍ പിണങ്ങി. കമ്മ്യൂണിസ്റ്റുകാര്‍ ദൈവത്തില്‍ വിശ്വസിക്കില്ല എന്നാണ് നമ്മുടെ വിശ്വാസം. അവര്‍ പറയുന്നു ഞങ്ങള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്ന്.’ അദ്ദേഹം പറഞ്ഞു. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്ര പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ ചിത്രങ്ങളില്‍ കുരിശിലേറ്റപ്പെട്ട യേശുവിന്റെ ചിത്രം സ്ഥാനം പിടിച്ചതാണ് ഇപ്പോള്‍ വിവാദമായത്. സി.പി.ഐ.എം നടപടി തട്ടിപ്പാണെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. സി.പി.ഐ.എമ്മിന് ഒരിക്കലും യേശുവിന്റെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും ഇപ്പോഴത്തെ നിലപാട് സംശയാസ്പദമാണെന്നും കെ.സി.ബി.സിയും വ്യക്തമാക്കുകയുണ്ടായി.

ഇതെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്. യേശുക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നുണ്ടെന്നും യേശുക്രിസ്തു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളി എന്ന നിലയ്ക്കാണ് ഞങ്ങള്‍ കാണുന്നതെന്നുമാണ് പിണറായി പറഞ്ഞത്. ഹന്നാവിന്റെ അങ്ങാടിയും കള്ളന്‍മാരുടെ ഗുഹയുമായി അക്കാലത്ത് മാറിയിരുന്ന ആരാധനാലയങ്ങളില്‍ നിന്ന് യേശു പലിശക്കാരെയും കള്ള വാണിഭക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ചുപുറത്താക്കിയിരുന്നു.

അതു ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും മാതൃകയാക്കും. അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ മോചന പോരാളിയായി കണക്കാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായാണ് ഇപ്പോള്‍ മാര്‍ ക്രിസോസ്റ്റം രംഗത്തെത്തിയിരിക്കുന്നത്.

Malayalam News

Kerala News In English