മനില: ദക്ഷിണ ഫിലിപ്പീന്‍സിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരണം 500 കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഷി ചുഴലിക്കാറ്റും ഇതേത്തുടര്‍ന്നുണ്ടായിരുന്ന വെള്ളപ്പൊക്കവുമാണ് ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ചത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായിട്ടുമുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായതിനാലാണ് മരണ സംഖ്യ ഇത്രയും കൂടിയത്. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വീടുകള്‍ അപ്പാടെ സമുദ്രത്തിലേക്ക് ഒലിച്ചു പോയി. ശനിയാഴ്ച രാവിലെ നൂറുകണക്കിന് മൃതദേഹങ്ങള്‍ തിരയടിച്ച് തീരത്തടിഞ്ഞ് കിടന്നു.

മിന്‍ഡനാമോ ദ്വീപിന്റെ വടക്കന്‍തീരത്തെ കാഗായാന്‍ ഡീ ഓറോ, ഇല്ലീഗന്‍ തുറമുഖ മേഖലകളിലാണ് ദുരന്തം വലിയ നാശംവിതച്ചത്. ഇവിടങ്ങളിലാണ് പ്രളയം ഉണ്ടായത്. രാജ്യത്തെ ഏറ്റവും ധാതുസമ്പന്നമായ ദ്വീപാണ് മിന്‍ഡനാമോ. ദ്വീപിലേക്കുള്ള വിമാന സര്‍വീസുകള്‍ സ്തംഭിക്കുകയും വൈദ്യുതി ബന്ധം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് വാഷി ആഞ്ഞടിച്ചത്. മറ്റിടങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലുമാണ് വാഷി വീശിയടിച്ചത്.

രണ്ട് വലിയ നഗരങ്ങളെയും പത്തു ഗ്രാമങ്ങളെയും പ്രളയം പൂര്‍ണ്ണായും മുക്കിക്കളഞ്ഞു. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇരുപത്തയ്യായിരത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മരിച്ചവരുടെയും കാണാതായവരുടെയും ഒഴുക്കില്‍പ്പെട്ട് രക്ഷപ്പെടുത്തിയവരുടെയും കണ്ടെടുത്ത മൃതദേഹങ്ങളുടെയും കണക്കുകള്‍ വര്‍ധിക്കുകയാണെന്ന് ഫിലിപ്പീന്‍സിലെ റെഡ്‌ക്രോസ് വൃത്തങ്ങള്‍ പറയുന്നു.

അഞ്ചുലക്ഷത്തോളം ആളുകള്‍ ശുദ്ധജലം കിട്ടാതെ വലയുകയാണ്. പ്രതിവര്‍ഷം ഇരുപതോളം കൊടുങ്കാറ്റുകളാണ് (ഉഷ്ണമേഖലാ ചക്രവാതങ്ങള്‍) ഫിലിപ്പീന്‍സില്‍ അനുഭവപ്പെടാറ്. സെപ്തംബറിലുണ്ടായ നെസാറ്റ്, നാല്‍ഗേ ചുഴലിക്കാറ്റുകളില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

Malayalam News
Kerala News in English