സിഡ്‌നി:സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് രാജ്യാന്തര തലത്തില്‍ നല്‍കുന്ന മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് അര്‍ഹനായി.

ആസ്‌ട്രേലിയയില്‍ നടക്കുന്ന സിഡ്‌നി റൈറ്റേഴ്‌സ് ഫെസ്റ്റിവലിലാണ് പ്രഖ്യാപനമുണ്ടായത്. ജൂണ്‍ 28 ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ 97,500 ഡോളറിന്റെ പുരസ്‌കാരം സമ്മാനിക്കും.

2005 ല്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് രണ്ടുവര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നത്. ഇംഗ്ലീഷിലെഴുതുന്നവരോ ഇംഗ്ലീഷിലേക്ക് വ്യാപകമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളവരോ ആയ നോവലിസ്റ്റുകളുടെ സമഗ്രസംഭാവനകളാണ് ഈ പുരസ്‌കാരത്തന് പരിഗണിക്കുന്നത്.

1993 ല്‍ ന്യൂജഴ്‌സിയില്‍ ജനിച്ച റോത്ത് 26 ാം വയസില്‍ രചിച്ച ഗുഡ്‌ബൈ കൊളംബസ് എന്ന ആദ്യ നോവലിലൂടെത്തന്നെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. നെമിസിസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിക്കുന്ന നാലാമത്തെയാളാണ് റോത്ത്. അല്‍ബേനിയയിലെ ഇസ്മായില്‍(2005), നൈജീരിയയിലെ ചിനുവ അചബെ(2007),ആലീസ് മണ്‍റോ(2009) എന്നിവരാണ് ഇതിനുമുമ്പ് ഈ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

ഇ-ബുക്കിനെ എതിര്‍ക്കുന്ന റോത്ത്, ആധുനിക സാങ്കേതികവിദ്യ പുസ്തകാസ്വാദനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായക്കാരനാണ്.