കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ എട്ടു സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന് പരിയാരം ഭരണസമിതി. മെഡിക്കല്‍ കോളേജിലെ സീറ്റുവിഭജനവുമായുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം.

നാല് സീറ്റുകള്‍ സര്‍ക്കാരിനു നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്ന പരിയാരം ഭരണസമിതി ചെയര്‍മാന്‍ എം.വി ജയരാജന്‍ അറിയിച്ചു. അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് സീറ്റ് വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ അത് കൂടി സര്‍ക്കാരിനും നല്‍കും. ശേഷിക്കുന്ന സീറ്റുകള്‍ അടുത്തവര്‍ഷം നികത്തും. അടുത്തവര്‍ഷം 15 സീറ്റുകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പിജി സീറ്റുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്കും ഡി.വൈ.എഫ്.ഐ നേതാവ് വി.വി രമേശന്റെ മകള്‍ക്കും പിജി സീറ്റ് നല്‍കിയത് വന്‍ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ രണ്ടുപേരും പിജി സീറ്റ് വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു.

പരിയാരം ഭരണസമിതി ചെയര്‍മാനായ എം.വി ജയരാജന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സമയത്താണ് സ്വാശ്രയ സമരം നടന്നത്. ഇതേ ജയരാജന്‍ ഭരണസമിതിയിലിരിക്കെ ഡി.വൈ.എഫ്.ഐ അടൂര്‍പ്രകാശിന്റെ മകളും, ഡി.വൈ.എഫ്.ഐ നേതാവിന്റെ മകളും ലക്ഷങ്ങള്‍ നല്‍കി സീറ്റ് നേടിയത് പലരും ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയുടെ പുതിയ തീരുമാനം.