തിരുവനന്തപുരം: കേരളത്തില്‍ പെട്രോളിന് 70 പൈസ കുറയും.സംസ്ഥാനം പെട്രോളിന്റെ വിലവര്‍ധനയില്‍ നിന്നുള്ള അധിക നികുതി വേണ്ടെന്നു വെച്ചതോടെയാണിത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

102 കോടിയുടെ നഷ്ടം ഇത് മൂലം കേരള ഖജനാവിനുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനവ് ജനങ്ങള്‍ക്ക് അമിത ഭാരം ഉണ്ടാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിലവര്‍ധനവിനെതിരായ കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രി പറഞ്ഞില്ല.

പെട്രോള്‍ വില വര്‍ധനയിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന അധിക ഭാരം കുറയ്ക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായ പ്രതിഷേധവും കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.
പെട്രോളിന് 3.32 രൂപ വര്‍ധിപ്പിച്ചതിലൂടെ നികുതിയായി സംസ്ഥാന ഖജനാവിലേക്ക് പ്രതിവര്‍ഷം 109.07 കോടി രൂപയാണ് ലഭിക്കുന്നത്. ഇത് വേണ്ടെന്ന് വെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.