ന്യുദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുമെന്ന് സൂചന. മൂന്നു രൂപയോളം പെട്രോളിന് ലിറ്ററിന്മേല്‍ വില വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

ഇലക്ഷന്‍ കഴിയും വരെ വില വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് മാസമായി എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാതിരുന്നത്.

സംസ്ഥാനങ്ങളിലെ നിയമസഭാ ഇലക്ഷന്‍ കഴിഞ്ഞാല്‍ പെട്രോള്‍ വില വര്‍ധനവ് ഉണ്ടാകുമെന്ന് പെട്രോളിയം മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പെട്രോള്‍ വില ചെലവിന് അനുസരിച്ച് വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുകയാണെന്നായിരുന്നു പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചിട്ടും കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് എണ്ണ കമ്പനികളുടെ വാദം.

ഇറക്കുമതി ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ പെട്രോള്‍ വില്‍ക്കുന്നത്. രണ്ട് മാസം മുമ്പ് വീപ്പക്ക് 109 ഡോളറായിരുന്ന അസംസ്‌കൃത എണ്ണ വില ഇപ്പോള്‍ 128 ഡോളറാണ്.

Malayalam News

Kerala News In English