ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍ വില വീണ്ടും വര്‍ധിച്ചേക്കും. പെട്രോളിന് ലിറ്ററിന് മൂന്നു രൂപ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ധാരണയിലെത്തി. വില വര്‍ധന ഈ ആഴ്ചയോടെ തന്നെ നിലവില്‍ വന്നേക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ചെലവേറിയനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്തുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞത് മൂലം എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 2.61 രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രതിദിന നഷ്ടം 15 കോടി രൂപയാണ്. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയവക്ക് പെട്രോള്‍ വില്‍പ്പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 2,450 കോടി രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനമാവുമ്പോഴേക്കും നഷ്ടം 5,300 കോടിയായിരിക്കുമെന്ന്ാണ് കണക്കാക്കപ്പെടുന്നത്.

പെട്രോളിന് പുറമേ മൂന്ന് കമ്പനിക്കും ഡീസലിന്‍െയും മണ്ണെണ്ണയുടെയും എല്‍.പി.ജിയുടെയും വില്‍പനയിലൂടെ പ്രതിദിനം 263 കോടിയുടെ നഷ്ടമുണ്ടാവുന്നുണ്ട്. രുപയുടെ മൂല്യം ബുധനാഴ്ച ഡോളറിനെതിരെ 48 ആയി കുറഞ്ഞിരുന്നു. അതായത് ഒറു ഡോളര്‍ വാങ്ങാന്‍ 48 രൂപ കൊടുക്കണം. 2009 സെപ്റ്റംബറിന് ശേഷം ഇത്രയും താഴുന്നത് ഇതാദ്യമാണ്. മേയ് മാസത്തില്‍ പെട്രോള്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിക്കാനുള്ള നീക്കം.