ന്യൂദല്‍ഹി: ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി അറിയിച്ചു. ഡീസല്‍-പാചകവാതകങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ധനത്തിന് ഇന്ന് അഞ്ച് രൂപയുടെ വര്‍ധനവുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു.

Ads By Google

ആഗോളവിപണയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതിനാല്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് ഒരു ദിവസം 550 കോടിയുടെ നഷ്ടമുണ്ടാകുന്നെന്ന് കാണിച്ചായിരുന്നു ഇന്ധന വിലവര്‍ധനക്ക് ശുപാര്‍ശ ചെയ്തിരുന്നത്.

എണ്ണ കമ്പനികള്‍ക്ക് നിലവില്‍ പെട്രോളിന് ലിറ്ററിന് 1.37 രൂപയും ഡീസലിന് 19.26 രൂപയും മണ്ണെണ്ണയ്ക്ക് 34.34 രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 347 രൂപയും നഷ്ടം സംഭവിക്കുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷം 2 ലക്ഷം കോടി രൂപ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം  ജൂണ്‍ മാസത്തിന് ശേഷം ഇതുവരെ മണ്ണെണ്ണെയുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചിരുന്നില്ലെന്നും എന്നാല്‍ നിര്‍മ്മാണച്ചെലവ് 28 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്നും കമ്പനികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

എണ്ണക്കമ്പനികള്‍ക്ക് അഞ്ച് രൂപവരെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി നേരത്തേ സൂചനയുണ്ടായിരുന്നു.