എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍: ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന; ലിറ്ററിന് 7.54 രൂപ കൂട്ടി; കേരളത്തില്‍ ഹര്‍ത്താല്‍
എഡിറ്റര്‍
Wednesday 23rd May 2012 8:15pm

PETROL PRICE HIKED

ന്യൂദല്‍ഹി: ചരിത്രത്തിലില്ലാത്ത തരത്തില്‍ പെട്രോള്‍ വില കുത്തനെ കൂട്ടാന്‍ തീരുമാനം. ലിറ്ററിന് 7 രൂപ 54 പൈസയാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. നികുതിയടക്കം 8 രൂപയോളം വില വര്‍ദ്ധിക്കുമ്പോള്‍ ഇനി മുതല്‍ ലിറ്ററിന് 76 രൂപയായിരിക്കും.

ദേശീയ തലത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കേരളത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും പ്രക്ഷോഭ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ ഹര്‍ത്താലാചരിക്കുമെന്ന് എല്‍.ഡി.എഫും ബി.ജെ.പിയും അറിയിച്ചു.

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ജെയ്പാല്‍ റെഡ്ഡി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് 7.67 രൂപ കൂട്ടണമെന്ന് ആവശ്യമുന്നയിച്ച് 2012 ഏപ്രില്‍ 23ന് മന്ത്രിസഭയുടെ അനുമതി ചോദിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 23ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഈ ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. പെട്രോള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളും നേരത്തെ സര്‍ക്കാരിനെ സമീപിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഈ വര്‍ഷത്തെ ധനകാര്യ ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചതിനുശേഷമേ സര്‍ക്കാര്‍ പെട്രോള്‍ വിലവര്‍ധന ഉണ്ടാകൂ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വില വര്‍ദ്ധനവ് പാര്‍ലമെന്റ് പിരിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വിലവര്‍ദ്ധന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഇതിനു മുമ്പ് രണ്ടു തവണയാണ് ഇതുപോലെ ഭീമമായ വില വര്‍ദ്ധനവുണ്ടായത്. 2011 മെയ് 15നും 2008 മെയ് 24നുമാണ് ഇതിനു മുമ്പ് ഏറ്റവും വലിയ വര്‍ദ്ധനവായ 5 രൂപ കൂട്ടിയത്. ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് ഏകദേശം 73.18 രൂപയാകും.

2010 ജൂണില്‍ പെട്രോള്‍ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ശേഷം ആറു തവണ പെട്രോള്‍ വില കൂട്ടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വില വര്‍ധിപ്പിച്ചത്.

Advertisement