ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ കുത്തനെയുള്ള വര്‍ധനവ്. കേരളത്തില്‍ ലിറ്ററിന് 6.50 രൂപയുടെ വര്‍ധനവ് ഉണ്ടാകും. വില വര്‍ധനവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. പെട്രോളിന് ഒരു തവണ ഇത്രയും വില വര്‍ധിപ്പിക്കുന്നത് ആദ്യമായാണ്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില 68 രൂപയോളമാകുമെന്നാണ് കണക്കാക്കുന്നത്.

രാജ്യത്ത് ഇത് ഒമ്പത് മാസത്തിനിടെ ഒമ്പതാം തവണയാണ് വില വര്‍ധിക്കുന്നത്. 11 മാസത്തിനിടെ പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് 17 രൂപയാണ്. കമ്പനികള്‍ത്ത് യഥേഷ്ടം വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് അനുമതി നല്‍കിയകത്. വില വര്‍ധനവില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം എടുത്തുകളയുകയായിരുന്നു.

അതേസമയം വിലവര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചിട്ടുണ്ട്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം വില വര്‍ധിപ്പിച്ചത് സര്‍ക്കാറും പെട്രോള്‍ കമ്പനികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ബി.ജെ.പി ആരോപിച്ചു.

അതേസമയം പത്ത് രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ തങ്ങള്‍ വഹിക്കുന്നതെന്നും അതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നുമാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.